ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിന് സമീപം എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ഇന്ത്യൻ ക്രൂ അംഗം കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യ ഇറാന്റെ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി. ആക്രമണത്തിൽ ആറ് ഇന്ത്യൻ പൗരന്മാരും രണ്ട് യുക്രേനിയക്കാരും ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്. ടെഹ്റാനിൽ യുഎസ് നടത്തിയ ആക്രമണത്തെത്തുടർന്ന് ഇറാൻ പ്രതികാര നടപടികൾ ആരംഭിച്ചതിന് ശേഷമാണ് ആക്രമണം.
സംഭവത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇറാൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹൊസൈനിയെയും മറ്റ് ഇറാനിയൻ നയതന്ത്ര ഉദ്യോഗസ്ഥരെയും വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത് .. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ചർച്ചയ്ക്ക് ആഹ്വാനം ചെയ്ത മന്ത്രാലയം, സംഘർഷം ഒഴിവാക്കാൻ എല്ലാ കക്ഷികളും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വാണിജ്യ കപ്പലുകൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി.
അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും തടസ്സമില്ലാത്തതുമായ ഷിപ്പിംഗ്, വ്യാപാരം എന്നിവ എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. യുഎഇ ടാങ്കറുകളായ മൊംബാസ, അൽ ബഹിയ എന്നിവയാണ് ആക്രമണത്തിനിരയായത് . ഇറാനിയൻ ക്രൂയിസ് മിസൈലുകൾ യാത്രയ്ക്കിടെ കപ്പലുകളിൽ പതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തെ യുഎഇയും അപലപിച്ചു.
ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎഇ വിശേഷിപ്പിച്ചു. അതേസമയം, ഇറാനെതിരെ പുതിയ ഘട്ട സൈനിക നടപടികൾ ആരംഭിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനെതിരെ ശക്തമായ ആക്രമണങ്ങൾ അമേരിക്ക തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മുന്നറിയിപ്പ് നൽകി.

