ഡബ്ലിൻ: ക്രാന്തി അയർലൻഡിന്റെ ഇടപെടലിൽ ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വാസം. ഐറിഷ് റസിഡൻസ് പെർമിറ്റ് കാർഡ് പുതുക്കാതെയും ഇനി യാത്ര ചെയ്യാം. ഐആർപി പുതുക്കാൻ കാലതാമസം കാരണം ഉണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ ഇമിഗ്രേഷൻ വിഭാഗം ഇളവുകൾ പ്രഖ്യാപിച്ചു. സമ്മർ വെക്കേഷൻ ആരംഭിക്കുന്ന പശ്ചാത്തലത്തിലുള്ള ഇളവുകൾ ഇന്ത്യക്കാർക്കുൾപ്പെടെ വലിയ ആശ്വാസമാണ്.
ഐആർപി കാർഡിന്റെ കാലാവധി കഴിഞ്ഞാലും ഇനി അയർലൻഡിലേക്ക് യാത്ര ചെയ്യാൻ ആളുകൾക്ക് കഴിയും. ഇതിനായുള്ള അനുമതിയാണ് ഇമിഗ്രേഷൻ വിഭാഗം നൽകിയിരിക്കുന്നത്. കാർഡ് പുതുക്കലിനായി അപേക്ഷ നൽകിയവർക്കാണ് ഈ ഇളവ് ലഭിക്കുക. പഴയ ഐആർപി കാർഡും, പുതുക്കാൻ അപേക്ഷ നൽകിയതിന്റെ ഇ മെയിൽ കൺഫർമേഷനും ഉണ്ടായിരിക്കണം. 2026 ജൂലൈ 13 മുതൽ 2026 ഓഗസ്റ്റ് 31 വരെ മാത്രമായിരിക്കും ഈ ഇളവ് ഉണ്ടായിരിക്കുക. ഐആർപി കാർഡ് പുതുക്കലിന് കാലതാമസം നേരിടുന്ന പശ്ചാത്തലത്തിൽ ശക്തമായ പ്രതിഷേധവും ഇടപെടലും ആയിരുന്നു ക്രാന്തി അയർലൻഡിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

