കൊച്ചി: ശിക്ഷ താൽക്കാലികമായി മരവിപ്പിയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിയില്‍ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധത കണ്ടെത്താന്‍ സാധിച്ചില്ലെന്നും പൊതുജനതാല്പര്യവും സമൂഹത്തിലുണ്ടാക്കുന്ന ആഘാതവും പരിഗണിക്കുമ്പോള്‍ ശിക്ഷ മരവിപ്പിക്കാനാകില്ലെന്നുമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
വിചാരണ കോടതി പൾസർ സുനിക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. കുറ്റം ചുമത്തിയതിനെയും ശിക്ഷയെയും ചോദ്യം ചെയ്തുള്ള അപ്പീൽ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അപ്പീലിൽ തീരുമാനമായിട്ടില്ലെങ്കിലും അന്തിമ വിധി വരുന്നതുവരെ ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കണമെന്നാണ് സുനി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കുമെന്ന് വാദിച്ച പ്രോസിക്യൂഷൻ ഹർജിയെ എതിർത്തു. സുനി സ്ഥിരം കുറ്റവാളിയാണെന്നും ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കരുതെന്നും കോടതിയെ അറിയിച്ചു. വിചാരണ കോടതി ഒന്നാം പ്രതിയെ ഗുരുതരമായ കുറ്റകൃത്യത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി, അതിജീവിതയും ഹർജിയെ എതിർത്തു. ഇരുപക്ഷത്തിന്റെയും വാദം കേട്ട ശേഷമാണ് ഹൈക്കോടതി ഹർജി തള്ളിയത്.
നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 രൂപ വീതം പിഴയുമാണ് വിധിച്ചിരിക്കുന്നത്. കുറ്റത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പ്രതികൾ. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്ട്ടിന് ആന്റണി, മൂന്നാം പ്രതി മണികണ്ഠന്, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവര്‍ കുറ്റക്കാരെന്നാണ് തെളിഞ്ഞത്.ആറ് പേർക്കും 20 വർഷത്തെ തടവ് ശിക്ഷ ലഭിച്ചെങ്കിലും, വിചാരണ കാലയളവിൽ ഏകദേശം ഏഴര വർഷം ജയിലിൽ കഴിഞ്ഞതിനാൽ പൾസർ സുനി ആദ്യം പുറത്തിറങ്ങുമെന്നാണ് വിവരം.

