ന്യൂഡൽഹി : ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി തീരുമാനിക്കാൻ കോടതിയ്ക്കാകുമെന്ന് സുപ്രീം കോടതി.ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട കേസിൽ വാദം നടക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം .ആചാരങ്ങൾ നിർവഹിക്കാനും, ദേവനെ സ്പർശിക്കാനും യോഗ്യതയുള്ളവരെയാണ് നിയോഗിക്കേണ്ടതെന്ന് കേന്ദ്രം വാദിച്ചിരുന്നു.
കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വാദിക്കുന്നത്. ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ അധികാരപരിധിയുണ്ടെന്നും ഇതിൽ അവസാന വാക്ക് നിയമസഭയ്ക്കാണെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു. കോടതിക്ക് ഒരു മതാചാരത്തെ ‘മാത്രം അന്ധവിശ്വാസം’ എന്ന് വിധിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരും നിലപാടെടുത്തു. അതിന് ആവശ്യമായ പണ്ഡിതപരമായ പരിജ്ഞാനം കോടതികൾക്ക് ഇല്ലെന്നും കേന്ദ്രം വാദിച്ചു.
എന്നാൽ മന്ത്രവാദവാദത്തെ മതാചാരമായി കാണാനാകുമോ എന്ന് കോടതി കേന്ദ്രസർക്കാരിനോട് തിരിച്ചുചോദിച്ചു. മനുഷ്യബലി ഉൾപ്പെടെ കാര്യങ്ങൾ നടന്നാൽ കോടതിക്ക് മറ്റു പരിശോധനകൾ ഇല്ലാതെ ഇടപെടാനാകുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ആചാരങ്ങൾ പൊതു ക്രമത്തേയും ധാർമികതയേയും ബാധിക്കുന്നുവെങ്കിൽ കോടതിക്ക് ഇടപെടാമെന്ന് ചീഫ് ജസ്റ്റിസ്റ്റും പറഞ്ഞു.

