ശബരിമല: ശബരിമല ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ പണം മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ. തൃശൂർ ശ്രീനാരായണപുരം വെമ്പനല്ലൂർ സ്വദേശിയായ രതീഷ് കെആർ (43) ആണ് അറസ്റ്റിലായത്. മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുതിയ ഭണ്ഡാരത്തിലെ കിഴി കെട്ടഴിക്കുന്ന താത്ക്കാലിക ജീവനക്കാരനാണ് രതീഷ്.
ഡ്യൂട്ടി കഴിഞ്ഞ് പുറത്തേക്ക് പോകുന്ന സമയത്താണ് മോഷണം പിടികൂടുന്നത്. ഇയാളുടെ കൈയുറക്കുള്ളിൽ നിന്നും വെളുത്ത തുണിയിൽ ഒളിപ്പിച്ച നിലയിൽ 3000 രൂപ അടങ്ങിയ പൊതി കണ്ടെത്തുകയായിരുന്നു. തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ബാഗിൽ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന 20,130 രൂപ കൂടി കണ്ടെത്തിയിട്ടുണ്ട്. സന്നിധാനം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
മാളികപ്പുറം മേൽശാന്തി മഠത്തിനോട് ചേർന്ന് അരിച്ചാക്കുകൾ സൂക്ഷിച്ചിരുന്നിടത്തുനിന്ന് ദേവസ്വം വിജിലൻസ് 64354 രൂപ കണ്ടെത്തി. ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് നാണയങ്ങളും നോട്ടുകളുമായി ഇത്രയും തുക ചാക്കുകെട്ടുകൾക്കിടയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടത്.

