തിരുവനന്തപുരം: വാഹനാപകടത്തിൽ മരിച്ച പത്ത് മാസം പ്രായമുള്ള അലിൻ ഷെറിന്റെ കരൾ ആറ് മാസം പ്രായമുള്ള കുഞ്ഞിലേക്ക് വിജയകരമായി മാറ്റിവച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തെ കിംസ് ഹെൽത്ത് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ .അലിൻ ഷെറിന്റെ അവയവങ്ങൾ വഹിച്ചുകൊണ്ടുള്ള ആംബുലൻസ് ഇന്നലെയാണ് തിരുവനന്തപുരത്തേക്ക് എത്തിയത്. പൊലീസ് ഇതിനായി ഗ്രീൻ കോറിഡോർ ഒരുക്കിയിരുന്നു.
ഇന്നലെ രാത്രി 10:30 ന് ആരംഭിച്ച ശസ്ത്രക്രിയ ഇന്ന് രാവിലെ 6:00 ന് പൂർത്തിയായി. മാറ്റിവച്ച കരളുമായി ബന്ധപ്പെട്ട ഉപാപചയ ഘടകങ്ങളിൽ നല്ല പുരോഗതിയുണ്ടെന്ന് ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ശസ്ത്രക്രിയ വലിയ വിജയമായിരുന്നുവെന്നും കുട്ടി നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ പറഞ്ഞു.
കേരളത്തിലെ അവയവദാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ദാതാവാണ് പത്ത് മാസം പ്രായമുള്ള അലിൻ ഷെറിൻ. നെയ്യാറ്റിൻകര സ്വദേശികളായ ദമ്പതികളുടെ ആറ് മാസം പ്രായമുള്ള മകൾക്കാണ് കരൾ ലഭിച്ചത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താക്കളിൽ ഒരാളാണ് ഈ കുഞ്ഞ്. ബിലിയറി അട്രീസിയ എന്ന ഗുരുതരമായ കരൾ രോഗവുമായാണ് കുഞ്ഞ് ജനിച്ചത്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമാകുകയല്ലാതെ മറ്റ് മാർഗമൊന്നുമില്ലാത്ത നിലയിലായിരുന്നു കുഞ്ഞ്. അതേസമയം, അലിൻ ഷെറിന്റെ ശവസംസ്കാരം ഔദ്യോഗിക സർക്കാർ ബഹുമതികളോടെ നാളെ നടക്കും.

