തിരുവനന്തപുരം : ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങാൻ ഒരാഴ്ചയ്ക്കുള്ളിൽ നടപടികൾ സ്വീകരിക്കുമെന്നും രണ്ട് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി . ശസ്ത്രക്രിയകൾ മുടങ്ങിയ സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ ഇടപെടൽ.പ്രധാനമന്ത്രിയുടെ ഓഫീസിനെ വിശദാംശങ്ങൾ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീചിത്രയിലെത്തിയ കേന്ദ്രമന്ത്രി സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തര യോഗം വിളിച്ചു. ശ്രീചിത്ര ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരിയും മറ്റ് വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുത്തു. ശ്രീചിത്രയിൽ ഇന്നലെ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ച് അടിയന്തര ശസ്ത്രക്രിയകൾ മാറ്റിവച്ചു. രണ്ട് ഡയഗ്നോസ്റ്റിക് പരിശോധനകളും റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, ശസ്ത്രക്രിയകൾ പെട്ടെന്ന് മാറ്റിവച്ചതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രതിഷേധ പ്രകടനം നടത്തി. സുരേഷ് ഗോപിയുടെ പൈലറ്റായി എത്തിയ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞുനിർത്തി അകത്ത് പൂട്ടി. പിന്നീട്, ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി എത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിൽ മൂന്ന് ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന 15 ശസ്ത്രക്രിയകളും മാറ്റിവച്ചു. ആശുപത്രി അധികൃതർ ഇക്കാര്യം രോഗികളെ അറിയിച്ചിട്ടുണ്ട്.
അടിയന്തര ശസ്ത്രക്രിയകൾക്കായി പ്രവേശിപ്പിച്ച രോഗികളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നുമുണ്ട് . ഉപകരണങ്ങൾ നൽകാൻ കമ്പനികളോട് പലതവണ അഭ്യർത്ഥിച്ചിട്ടും ഡോക്ടർമാർക്ക് മറുപടി ലഭിക്കാത്തതിനെത്തുടർന്ന് പ്രശ്നം കൂടുതൽ വഷളാകുകയായിരുന്നു . 2023 ന് ശേഷം ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളുമായുള്ള കരാർ ശ്രീചിത്ര പുതുക്കിയിട്ടില്ല. പഴയ നിരക്കിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ ആശുപത്രിക്ക് നൽകി. വിദേശ നിർമ്മിത ഉപകരണങ്ങളുടെ ഉയർന്ന വില ചൂണ്ടിക്കാട്ടി കമ്പനികൾ വിലവർദ്ധനവ് ആവശ്യപ്പെടുകയായിരുന്നു.