തൃശൂർ ; പാലിയേക്കര ടോൾപ്ലാസയിൽ വാഹനങ്ങളുടെ നിര നീണ്ടതോടെ ടോൾ ബൂത്തുകൾ തുറന്ന് വാഹങ്ങൾ കടത്തിവിട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി . വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതോടെയാണ് മന്ത്രിയുടെ നടപടി. കൊച്ചിയിലേയ്ക്കുള്ള യാത്രാമധ്യേ മന്ത്രി പാലിയേക്കര എത്തിയപ്പോഴായിരുന്നു സംഭവം.
ഇരു ഭാഗങ്ങളിലുമായി രണ്ട് കിലോമീറ്റർ അധികം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. തുടർന്ന് സുരേഷ് ഗോപിയും സ്റ്റാഫും കാറിൽ നിന്നിറങ്ങി മുഴുവൻ ടോൾ ബൂത്തുകളും തുറന്ന് നൽകുകയായിരുന്നു.
ഏകദേശം 10 മിനിറ്റോളം ഇരുവശത്തേക്കുള്ള 12 ബൂത്തുകളും സുരേഷ്ഗോപിയും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് തുറന്നുവിട്ടു. ദിവസങ്ങളായി ടോൾ പ്ലാസയിൽ തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് യാത്രക്കാരെ മണിക്കൂറുകളോളമാണ് വലക്കുന്നത് . അതിനിടെയാണ് മന്ത്രിയുടെ ഇടപെടൽ.

