എലപ്പുള്ളി ; പ്രശസ്തമായ രാമശേരി ഇഡ്ഡലിയുടെ രുചിയറിയാനെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോയമ്പത്തൂരിലേയ്ക്ക് പോകും വഴി പ്രഭാതഭക്ഷണം കഴിക്കാനാണ് അദ്ദേഹം രാമശേരിയിൽ എത്തിയത്. ശ്രീ സരസ്വതി സ്റ്റാളിലാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി എത്തിയത്.
മുന്നറിയിപ്പില്ലാതെ സുരേഷ് ഗോപിയെയും സംഘത്തെയും കണ്ട കടയുടമയ്ക്കും, മറ്റുള്ളവർക്കും അമ്പരപ്പും. പലരും കഴിപ്പ് നിർത്തി എഴുനേൽക്കാൻ തുടങ്ങിയപ്പോഴേയ്ക്കും ആരും എഴുനേൽക്കരുതെന്നും, ഭക്ഷണം മുഴുവൻ കഴിച്ചിട്ടേ എഴുന്നേൽക്കാവൂവെന്നും സുരേഷ് ഗോപി തന്നെ പറഞ്ഞു.
മകൻ ഗോകുൽ രാമശേരി ഇഡ്ഡലിയുടെ സ്വാദിനെ പറ്റി പറഞ്ഞതോടെയാണ് അത് കഴിക്കാൻ തനിക്കും ആഗ്രഹം തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയായതിനു ശേഷം നാലു തവണ പാലക്കാട്ടെത്തിയിരുന്നെങ്കിലും ഇന്നാണ് ആഗ്രഹം നിറവേറ്റിയതെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി ജില്ലാ സെക്രട്ടറി പ്രശാന്ത് ശിവൻ, സംസ്ഥാന ഖജാൻജി അഡ്വ. വി കൃഷ്ണദാസ്, ജില്ലാ ജനറൽ സെക്രട്ടറി എൻ. ഷണ്മുഖൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

