ശ്രീനഗർ ; ജമ്മു കശ്മീരിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ സക്കീർ ഗനായിയെ വധിച്ച് സുരക്ഷാസേന . ഷോപിയാൻ ജില്ലയിൽ സുരക്ഷാ സേന നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനിലാണ് ഈ നിർണ്ണായക നീക്കം.
ജൂലൈ 3 ന് തെക്കൻ കശ്മീർ ജില്ലയിലെ ഏഴ് ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന മീമന്ദർ പ്രദേശത്തെ ഇടതൂർന്ന ആപ്പിൽ തോട്ടത്തിൽ സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചിരുന്നു. പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ ആദ്യം കണ്ടെത്തിയ രണ്ട് ഭീകരരിൽ ഒരാളാണ് സാക്കിർ ഗനായി. തുടർന്ന് പ്രദേശം സേനയും , പൊലീസും ചേർന്ന് വളഞ്ഞു. ഭീകരർ ഒളിവിൽ കഴിയുന്ന പ്രദേശത്തേയ്ക്ക് ഡ്രോണുകൾ അയച്ച് നിരന്തരം നിരീക്ഷിച്ചു. ഇതിനീടെ സുരക്ഷാസേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഗനായി കൊല്ലപ്പെട്ടത്. മൃതദേഹം സൈന്യം കണ്ടെടുത്തു. നിരവധി ആയുധങ്ങളും സംഭവസ്ഥലത്ത് നിന്ന് പിടിച്ചെടുത്തു.
താഴ്വരയിൽ അതീവ അപകടകാരികളായ ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നയാളാണ് സാക്കിർ ഗനായി. യുവാക്കളെ ഭീകരവാദസംഘത്തിലേയ്ക്ക് എത്തിക്കുന്നതിൽ പ്രധാനിയായിരുന്നു.

