വാഷിംഗ്ടൺ: ആതിഥേയരായ അമേരിക്കയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ബെൽജിയം ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടറിൽ കടന്നു. തുടക്കം മുതൽ ഒരേ ആവേശത്തോടെ കളിച്ച ബെൽജിയം അവസാന നിമിഷം വരെയും സ്ഥിരത നിലനിർത്തി.
കളിയുടെ ഒൻപതാം മിനിറ്റിൽ ചാൾസ് കെറ്റിലാരെ ആയിരുന്നു ബെൽജിയത്തിന് വേണ്ടി ആദ്യ ഗോൾ സ്കോർ ചെയ്തത്. എന്നാൽ 31ആം മിനിറ്റിൽ മാലിക് ടിൽമാനിലൂടെ അമേരിക്ക സമനില നേടി. തൊട്ട് പിന്നാലെ, 33 -ആം മിനിറ്റിൽ ചാൾസ് കെറ്റിലാരെ തന്റെ രണ്ടാം ഗോളിലൂടെ ബെൽജിയത്തെ വീണ്ടും മുന്നിലെത്തിച്ചു. ഇതോടെ ആദ്യ പകുതി 2-1ൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ അമേരിക്കയെ നിലം തൊടാതെ പറപ്പിക്കുന്ന ബെൽജിയത്തെയാണ് കണ്ടത്. 57 -ആം മിനിറ്റിൽ ഹാൻസ് വനാകെനിലൂടെ ബെൽജിയം മൂന്നാം ഗോൾ നേടി. ഇഞ്ചുറി ടൈമിലെ മൂന്നാം മിനിറ്റിൽ ലുക്കാക്കു നാലാം ഗോളും നേടിയതോടെ അമേരിക്കയുടെ പതനം പൂർത്തിയായി. ക്വാർട്ടർ ഫൈനലിൽ സ്പെയിനാണ് ബെൽജിയത്തിന്റെ എതിരാളികൾ.

