പത്തനംതിട്ട: മദ്യപിച്ച് വാഹനമോടിച്ച മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ . ഓപ്പറേഷൻ തൂഫാൻ സംഘത്തിൽ ഉൾപ്പെട്ടവ പ്രിയേഷ്, റൗൾ, സുമൻ എന്നിവർക്കെതിരെയാണ് നടപടി . മദ്യപിച്ച നിലയിൽ വാഹനം ഓടിച്ചതിന് പോലീസ് ഡ്രൈവർ പ്രിയേഷിനെതിരെ കേസെടുത്തിട്ടുണ്ട്.
പത്തനംതിട്ട ഡിവൈഎസ്പിയുടെ ഡാൻസാഫ് ടീമിലെ ഉദ്യോഗസ്ഥരാണ് മൂവരും . വാഹനം അശ്രദ്ധമായി ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വനിതാ ഓട്ടോ ഡ്രൈവർ വാഹനം പിന്തുടർന്ന് ഇവരെ തടഞ്ഞു നിർത്തുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് പത്തനംതിട്ടയിലാണ് സംഭവം.
മൈലപ്ര ദിശയിൽ നിന്ന് വന്നതാണ് . പോലീസ് ജീപ്പ് നിരവധി വാഹനങ്ങളെ ഇടിക്കാൻ പോകുന്ന രീതിയിലായിരുന്നു ഡ്രൈവിംഗ്. വനിതാ ഡ്രൈവറുടെ ഓട്ടോയിലും ഇടിക്കാൻ ശ്രമിച്ചു. നിർത്താതെ യാത്ര തുടർന്ന ജീപ്പിനെ വനിതാ ഓട്ടോ ഡ്രൈവർ പിന്തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് സമീപം തടഞ്ഞു. അശ്രദ്ധമായി വാഹനമോടിച്ചത് നാട്ടുകാരും ഓട്ടോ ഡ്രൈവറും ചോദ്യം ചെയ്തു. സംഭവം വിവാദമായതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ലഹരി കണ്ടെത്താൻ ഇറങ്ങി തിരിച്ച ഉദ്യോഗസ്ഥർ തന്നെ ലഹരിക്കടിമകളായി വാഹനം ഓടിച്ചത് പൊലീസ് സേനയ്ക്ക് തന്നെ അപമാനമായിരിക്കുകയാണ്.

