വയനാട് : കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. അപകടത്തിനിടയാക്കിയ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. കള്ളാടി അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും. തുരങ്ക നിർമ്മാണത്തിനായി എടുത്ത് മാറ്റിയ മണ്ണ് നീക്കം ചെയ്യാത്തതിൽ ഗുരുതര വീഴ്ച്ചയുണ്ട്.
പ്രദേശത്തിന് തൊട്ടുമുകളിലായി മണ്ണിടിച്ചിൽ ഉണ്ടായതായി വിവരമുണ്ട്. അത് കൂടി പരിശോധിച്ച് കൂടുതൽ കാര്യങ്ങൾ തീരുമാനിക്കും. കേന്ദ്രസർക്കാർ ഈ തുരങ്ക നിർമ്മാണത്തിനായി പാരിസ്ഥിതിക അനുമതി കൊടുത്തപ്പോൾ നൽകിയ കർശനമായ നിർദേശങ്ങൾ കരാർ ഏറ്റെടുത്തവർ പാലിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. അപകട സാധ്യതകൾ എന്തെല്ലാമാണെന്ന് പരിശോധിച്ച ശേഷമേ ഇനി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയുള്ളൂ.
പി എസ് സിയിൽ ഉയർന്നുവന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കും.അഭിമുഖ പരീക്ഷയിൽ എഴുത്ത് പരീക്ഷയിലെ മാർക്ക് അറിഞ്ഞുകൊണ്ടുള്ള ഇടപെടൽ നടന്നിട്ടുണ്ട്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകി. ഓഹരി കൈമാറ്റം നടന്നുവെന്ന് വാർത്ത നൽകി. എന്നാൽ ഓഹരികൈമാറ്റം നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്ത് അദാനി ഗ്രൂപ്പ് 49 ശതമാനം ഓഹരി എം എസ് സിയ്ക്ക് നൽകാൻ മുൻ കൂർ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ പരിശോധിച്ച് നിർദേശം നൽകാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേഡ് കമ്മിറ്റിയെ ചുമതലപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ നിർദേശം മന്ത്രിസഭ വീണ്ടും പരിഗണിക്കു,. സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ ബലികഴിച്ചു കൊണ്ടുള്ള ഒരു തീരുമാനവും ഇക്കാര്യത്തിൽ ഉണ്ടാകില്ല.
100 ദിവസ കർമ്മപരിപാടി നടപ്പാക്കുന്നതിനായി ഓപ്പൺ പോർട്ടൽ സജ്ജമാക്കും. പൊതുജനങ്ങൾക്കടക്കം ഇത് പരിശോധിച്ച് പദ്ധതിയുടെ നടത്തിപ്പിന്റെ പുരോഗതി അറിയാൻ കഴിയുമെന്നും വിഡി സതീശൻ പറഞ്ഞു.

