ഡാളസ്: ലോകകപ്പ് പ്രീ ക്വാർട്ടറിൽ പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് സ്പെയിൻ ക്വാർട്ടറിൽ കടന്നു. ഇഞ്ചുറി ടൈമില്‍ പകരക്കാരനായി എത്തിയ മിക്കേല്‍ മെറീനൊയാണ് സ്പെയിനിന്റെ വിജയ ഗോൾ നേടിയത്.
ലോക കിരീടം എന്ന സ്വപ്നം ലക്ഷ്യമിട്ട് മുഴുവൻ സമയം കളത്തിൽ നിന്ന ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കണ്ണീരിനാണ് ഡാളസ് സ്റ്റേഡിയം സാക്ഷിയായത്. മത്സരത്തിൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും സ്പാനിഷ് പ്രതിരോധം മറികടന്ന് പന്ത് വലയിലെത്തിക്കാൻ പോർച്ചുഗീസ് താരങ്ങൾക്ക് സാധിച്ചില്ല. യുവതാരം ലമീന്‍ യമാൽ ഉൾപ്പെടെ നടത്തിയ ഗംഭീര മുന്നേറ്റങ്ങൾ സ്പാനിഷ് പക്ഷത്ത് നിന്നും യഥേഷ്ടം ഉണ്ടായെങ്കിലും, പോർച്ചുഗീസ് ഗോൾ കീപ്പർ ഡീയോഗോ കോസ്റ്റയുടെ സേവുകളും മികച്ച് നിന്നു.
നിശ്ചിത സമയത്ത് ഗോൾ രഹിത സമനില പാലിച്ചതോടെ, മത്സരം അധിക സമയത്തേക്ക് നീളുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാൽ ഡാനി ഓല്‍മോയ്ക്ക് പകരക്കാരനായി എത്തിയ മിക്കേല്‍ മെറീനൊ, ഇഞ്ചുറി ടൈമില്‍ ഫെറാന്‍ ടോറസ് നല്കിയ പാസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇതോടെ ക്രിസ്റ്റ്യാനോയും സംഘവും ക്വാർട്ടർ കാണാതെ പുറത്തായി.

