ന്യൂഡൽഹി : സിപിഎം നേതാവും ചെങ്ങന്നൂർ മുൻ എംഎൽഎയുമായ കെ.കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി തള്ളി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. പ്രശാന്തിന്റെ നിയമനം മുൻപ് ഹൈക്കോതി റദ്ദാക്കിയിരുന്നു . ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.
2018ലെ മന്ത്രിസഭാ തീരുമാനപ്രകാരമായിരുന്നു എൻജിനീയറിംഗ് ബിരുദധാരിയായ ആർ. പ്രശാന്തിന് ആശ്രിത നിയമനം നൽകിയത്. പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക തസ്തിക സൃഷ്ടിച്ചായിരുന്നു നിയമനം. ഒരു എംഎൽഎയുടെ മകന് എന്ത് അടിസ്ഥാനത്തിലാണ് ആശ്രിത നിയമനം നൽകുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം.
ആവശ്യത്തിനുള്ള യോഗ്യതകൾ പ്രശാന്തിനുണ്ടെന്നും , അതിന്റെ അടിസ്ഥാനത്തിനാണ് നിയമനം നൽകിയതെന്നുമാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരുന്നത്.
എന്നാൽ ജനപ്രതിനിധിയുടെ മകൻ എന്നത് ആശ്രിത നിയമനത്തിനുള്ള യോഗ്യതയായി കണക്കാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
അസിസ്റ്റന്റ് എൻജിനീയറായി നിയമിച്ച ഉത്തരവ് ചോദ്യം ചെയ്ത് പാലക്കാട് സ്വദേശി അശോക് കുമാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുകയും ആശ്രിത നിയമനം റദ്ദാക്കുകയും ചെയ്തു. ഒരു എം.എല്‍.എയുടെ മകന് ഇത്തരത്തിലൊരു നിയമനം നല്കാന് കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. ഇതിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയിൽ പോയത് .