ന്യൂഡൽഹി: ശബരിമല സ്വർണ്ണ മോഷണ കേസിൽ ജ്വല്ലറി ഉടമ ഗോവർദ്ധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇപ്പോൾ ഇടപെടാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ജസ്റ്റിസ് ദിപങ്കർ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി തള്ളിയത് . കുറ്റപത്രം സമർപ്പിച്ച ശേഷം ജാമ്യാപേക്ഷ സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.
ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ഗോവർദ്ധൻ സുപ്രീം കോടതിയെ സമീപിച്ചത് . അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും ഇനി തന്റെ കസ്റ്റഡി ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് ഗോവർദ്ധൻ ജാമ്യാപേക്ഷ സമർപ്പിച്ചത്. താൻ ഒരു അയ്യപ്പ ഭക്തനാണെന്നും സ്വർണ്ണ മോഷണത്തിൽ പങ്കില്ലെന്നും അദ്ദേഹം ജാമ്യാപേക്ഷയിൽ വാദിച്ചിരുന്നു.
ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണ്ണം വാങ്ങിയെന്ന കുറ്റത്തിനാണ് കർണാടകയിലെ ബെല്ലാരിയിൽ നിന്നുള്ള ജ്വല്ലറിക്കാരനായ ഗോവർദ്ധനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് . കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലതവണ ഒന്നര കോടി രൂപ നൽകിയ ശേഷമാണ് സ്വർണം വാങ്ങിയതെന്നാണ് ഗോവർദ്ധന്റെ മൊഴി. തട്ടിപ്പിൽ താൻ അറിഞ്ഞുകൊണ്ട് പങ്കാളിയായിട്ടില്ല. ശബരിമലയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞാണ് പണം നൽകിയത്. സുഹൃത്തായിട്ടാണ് സ്വർണം വാങ്ങിയതെന്നും അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ അദ്ദേഹം പറഞ്ഞു . പണത്തിന്റെ തെളിവുകളും അദ്ദേഹം നൽകി. എന്നാൽ, സ്വർണം ശബരിമലയുടേതാണെന്നും അത് ദേവസ്വത്തിന്റെ സ്വത്താണെന്നും അറിഞ്ഞിട്ടും ഗോവർദ്ധൻ തട്ടിപ്പിൽ പങ്കാളിയായതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

