തിരുവനന്തപുരം : ക്രിസ്തുമസും, പുതുവത്സരവും അടുത്തിരിക്കെ സാധനങ്ങളുടെ വില കൂട്ടി സപ്ലെകോ. വെളിച്ചെണ്ണയ്ക്ക് 20 രൂപ കൂട്ടിയതുൾപ്പെടെ നാലിനങ്ങളുടെ വിലയാണ് കൂട്ടിയത് . ജയ അരി, വൻപയർ, പച്ചരി, വെളിച്ചെണ്ണ എന്നിവയുടെ വിലയാണ് കൂട്ടിയത്.
75 രൂപയായിരുന്ന വൻപയറിന് 79 രൂപയായി . പച്ചരിയ്ക്ക് വില 26-ൽ നിന്ന് 29 രൂപയായി. ജയ അരി 29-ൽ നിന്ന് 33 രൂപയായി . വെളിച്ചെണ്ണയ്ക്ക് വില 130 രൂപയിലുമെത്തി. ഓണത്തിനു മുൻപ് വില കൂട്ടിയതിനു പിന്നാലെയാണിത് .വിപണി വിലയ്ക്കനുസരിച്ചാണ് വില കൂട്ടുന്നതെന്നാണ് സപ്ലെകോയുടെ പക്ഷം . പലയിടത്തും സബ്സിഡി ഇനങ്ങൾ കിട്ടാനുമില്ല.
അതേസമയം വില കൂട്ടിയത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണെന്നാണ് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നൽകുന്ന വിശദീകരണം .600 കോടി രൂപ കരാറുകാർക്ക് നൽകാനുണ്ട്. മാർക്കറ്റ് വിലയേക്കാൾ 30 ശതമാനം വില കുറച്ചാണ് സപ്ലൈകോ വഴി സാധനങ്ങൾ നൽകുന്നത്. വില വർദ്ധിപ്പിച്ചത് മാത്രമാണ് എല്ലാവരും പറയുന്നത്. കരാറുകാരുടെ നിസഹകരണം കാരണം ടെൻഡറുകൾ ഏറ്റെടുക്കാനും ആളില്ലെന്ന് മന്ത്രി പറയുന്നു. അതേസമയം സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും ക്രിസ്മസ് ചന്ത 21 ന് തുടങ്ങാനുള്ള തീരുമാനത്തിലാണ് സപ്ലെകോ.