കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് പുക പടർന്നതിനു പിന്നാലെ രോഗികൾ ശ്വാസം കിട്ടാതെ മരിച്ചതായി സൂചന . സംഭവശേഷം നാല് മൃതദേഹങ്ങൾ മോർച്ചറിയിലേയ്ക്ക് മാറ്റിയെന്നാണ് വിവരം.എന്നാൽ മരണകാരണം വ്യക്തമല്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത് . നേരത്തെ അത്യാഹിത വിഭാഗത്തിൽ നിന്ന് മാറ്റുന്നതിനിടെ ഒരു രോഗി മരിച്ചതായി ടി സിദ്ദിഖ് എംഎൽഎ ആരോപിച്ചിരുന്നു. വെന്റിലേറ്ററിൽ ആയിരുന്ന വയനാട് കോട്ടപ്പടി സ്വദേശി നസീറയാണ് മരിച്ചത്. കാഷ്വാലിറ്റിക്ക് പുറത്തേക്ക് കൊണ്ടുപോകുമ്പോഴാണ് ഇവർ മരിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു
അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലെ യുപിഎസ് മുറിയിൽ നിന്നാണ് പുക ഉയർന്നത്. രാത്രി 8 മണിയോടെയാണ് സംഭവം. സംഭവത്തെത്തുടർന്ന് അത്യാഹിത വിഭാഗത്തിലെ എല്ലാ രോഗികളെയും സമീപത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് പുകയ്ക്ക് കാരണമെന്ന് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രി വീണ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് നിർദ്ദേശിച്ചു. രോഗികളെ മറ്റൊരു സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനും മന്ത്രി ആവശ്യപ്പെട്ടു.

