എറണാകുളം: ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തി. എറണാകുളം ചോറ്റാനിക്കര പൈനിങ്കൽ പാലസ് സ്ക്വയറിലെ വീട്ടിനുള്ളിൽ നിന്നാണ് ഇവ കണ്ടെത്തിയത്. 30 വർഷമായി ഇവിടെ ആൾത്താമസമില്ല .
ആൾതാമസം ഇല്ലാത്തതിനാൽ സാമൂഹ്യവിരുദ്ധരുടെ മുഖ്യ താവളമായിരുന്നു ഈ വീട് . ഇവരുടെ ശല്യം കാരണം നാട്ടുകാർ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ്
പോലീസ് വീട് പരിശോധിക്കാൻ എത്തിയത്. പിന്നീട് വീടിനുള്ളിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജിൽ നിന്നും തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തി. വിവിധ കവറുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത് . ഇതിന് എത്ര പഴക്കമുണ്ടെന്ന് പോലീസ് അന്വേഷണം നടത്തിവരികയാണ്.
മംഗലശ്ശേരി ഫിലിപ് ജോണിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. ഡോക്ടർ ആയ അദ്ദേഹം വർഷങ്ങളായി കൊച്ചിയിലാണ് താമസം . സാമൂഹ്യവിരുദ്ധരുടെ ശല്യത്തെ തുടർന്ന് നിരവധി തവണ നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതേതുടർന്ന് പഞ്ചായത്ത് മെമ്പറുടെ ആവശ്യപ്രകാരമാണ് പോലീസ് വീടിനുള്ളിൽ പരിശോധന നടത്തിയത്.
ചോറ്റാനിക്കര പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകിട്ടോടെ സ്ഥലത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു .