തിരുവനന്തപുരം : വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ മത്സരിപ്പിക്കാത്തതിന്റെ കാരണം വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി .
“പത്താം ക്ലാസ് പാസായ ഒരു വിദ്യാർത്ഥിയെ എട്ടാം ക്ലാസിൽ തിരികെ ചേർക്കുമോ?” എന്നായിരുന്നു ആര്യ രാജേന്ദ്രനെ മത്സരിപ്പിക്കാത്തതിന്റെ കാരണം ചോദിച്ചപ്പോൾ ശിവൻ കുട്ടി തിരികെ ചോദിച്ചത് . തന്റെ പ്രവർത്തന മേഖല കോഴിക്കോട്ടേക്ക് മാറ്റണമെന്ന് ആര്യ രാജേന്ദ്രൻ അഭ്യർത്ഥിച്ചുവെന്ന വാർത്തകൾക്കിടെയാണ് മന്ത്രിയുടെ പ്രതികരണം.ഉള്ളൂരിൽ സിപിഎമ്മിന്റെ വിമത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിനെ പറ്റിയും മന്ത്രി പ്രതികരിച്ചു.
“ജനാധിപത്യത്തിന്റെ തുടക്കം മുതൽ വിമതർ അവിടെയുണ്ട്. 101 സ്ഥാനാർത്ഥികളെ മാത്രമേ പ്രഖ്യാപിക്കാൻ കഴിയൂ. സീറ്റ് ലഭിക്കാത്തതിൽ ചിലർ നിരാശരാകുന്നത് സാധാരണമാണ്. എന്നിരുന്നാലും, ബിജെപിക്കുള്ളിൽ കാണുന്നതുപോലെ ക്രൂരതയിലോ മരണത്തിലോ ഇത് അവസാനിക്കില്ല. “ – ശിവൻകുട്ടി പറഞ്ഞു.
ആര്യ തന്റെ പ്രവർത്തന മേഖല കോഴിക്കോടിലേക്ക് മാറ്റുന്നതായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. ബാലുശ്ശേരി എംഎൽഎ കെ.എം. സച്ചിൻ ദേവ് ആണ് ആര്യയുടെ ഭർത്താവ്. സച്ചിൻ ദേവ് കോഴിക്കോടും, ആര്യ കുട്ടിയുമായി തിരുവനന്തപുരത്തുമാണ് താമസിക്കുന്നത്. ഈ സാഹചര്യത്തിലാണ് താമസവും രാഷ്ട്രീയ പ്രവർത്തനവും കോഴിക്കോടേക്ക് മാറ്റാൻ അവർ താൽപ്പര്യപ്പെടുന്നത്. പാർട്ടി ഇക്കാര്യം സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

