തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസിൽ യുഡിഎഫ് കൺവീനറും ആറ്റിങ്ങൽ എംപിയുമായ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ചാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമൊത്തുള്ള അടൂർ പ്രകാശിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പോറ്റിയുമായുള്ള ബന്ധം വ്യക്തമാക്കുന്നതിനാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. നോട്ടീസ് അയച്ചതിന് ശേഷമാണ് അദ്ദേഹത്തെ വിളിച്ചു വരുത്തിയത്.
പോറ്റിയിൽ നിന്ന് എന്തെങ്കിലും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷണ സംഘം ചോദ്യമുന്നയിക്കും . സോണിയ ഗാന്ധിയെ കാണുമ്പോൾ അടൂർ പ്രകാശും പോറ്റിക്കൊപ്പമുണ്ടായിരുന്നു. മണ്ഡലത്തിലെ ഒരു വോട്ടർ എന്നതിനപ്പുറം പോറ്റിയുമായി തനിക്ക് മറ്റ് ബന്ധമില്ലെന്ന് അടൂർ പ്രകാശ് പലതവണ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. അതേസമയം സ്വർണ്ണ മോഷണ കേസിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും എസ്ഐടി വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ നടത്തിയ ചോദ്യം ചെയ്യലിൽ കടകംപള്ളി നൽകിയ ചില മൊഴികളിൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ നടത്തുന്നത്.
കേസിൽ കോൺഗ്രസ് എംപി ആന്റോ ആന്റണിയെയും ഉടൻ ചോദ്യം ചെയ്തേക്കാം. തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ആന്റോ ആന്റണി പണം സ്വീകരിച്ചതായും അവിടെ തന്ത്രി 2.5 കോടി രൂപ നിക്ഷേപിച്ചതായും എംപിയുടെ ദുരൂഹ ഇടപാടുകൾ അന്വേഷിക്കണമെന്നും നേരത്തെ ആരോപണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഈ സ്ഥാപനത്തിലും ഉടമയുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതിനാൽ ചോദ്യം ചെയ്യലുകൾ നിർണായകമാകുമെന്ന് കരുതപ്പെടുന്നു. അന്വേഷണം ശരിയായ ദിശയിലാണെന്നും സ്വർണം മോഷ്ടിച്ച ആരും രക്ഷപ്പെടില്ലെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

