തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . ശബരിമലയിൽ ദുരൂഹമായ ഒട്ടേറെ കാര്യങ്ങൾ നടക്കുന്നുണ്ടെന്നും സർക്കാരും ദേവസ്വം ബോർഡും ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു. വിജയ് മല്യ നൽകിയ സ്വർണ്ണത്തിൽ നിന്ന് എത്ര ബാക്കിയുണ്ടെന്നും വി ഡി സതീശൻ ചോദിച്ചു.
‘ഉണ്ണികൃഷ്ണൻ പോറ്റി ആരാണ്’ എന്ന ചോദ്യത്തിന് സർക്കാരിനോ ദേവസ്വം ബോർഡിനോ ഉത്തരമില്ല. ദേവസ്വം മന്ത്രി വി എൻ വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവർ രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
‘ഇപ്പോഴത്തെ ദേവസ്വം മന്ത്രി, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ബോർഡിന്റെ ഇപ്പോഴത്തെയും മുൻ പ്രസിഡന്റുമാർ എന്നിവർക്കെതിരെയും സിബിഐ അന്വേഷണം നടത്തണം, കാരണം ഇത് സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോയി. ഇവിടുത്തെ പോലീസിന്റെ അധികാരപരിധിയിൽ വരുന്നതല്ല അത്. ഇവിടെ പോലീസിനെ ആരും വിശ്വസിക്കുന്നില്ല. സിബിഐ അന്വേഷണം നടന്നില്ലെങ്കിൽ യുഡിഎഫ് ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.
സ്വർണത്തിന്റെ തൂക്കത്തിൽ നഷ്ടം സംഭവിച്ചതിന് ദേവസ്വം ബോർഡ് പരിശോധനയിൽ തെളിവുണ്ട്. അത് ഒളിപ്പിച്ചുവെച്ചത് കൂടുതൽ വഷളായി. സ്വർണ്ണം എവിടെ പോയി? ബോർഡിൽ പ്രധാനപ്പെട്ട പദവികൾ വഹിക്കുന്നവർക്ക് അതിന്റെ ഒരു പങ്ക് ലഭിച്ചിട്ടുണ്ട് . ഇവിടെ ഒരു സംയുക്ത ബിസിനസ്സ് നടന്നിട്ടുണ്ട്. എന്തുകൊണ്ട് അത് മറച്ചുവച്ചു? എന്തുകൊണ്ട് അന്വേഷണം നടത്തിയില്ല? ഈ ചോദ്യങ്ങൾക്കും ഉത്തരം ആവശ്യമാണ്. അയ്യപ്പ വിഗ്രഹം മോഷ്ടിക്കാത്തതിന് സർക്കാരിനോട് നന്ദി പറയണം. കുറച്ചുകൂടി സമയം ലഭിച്ചിരുന്നെങ്കിൽ അതും ചെയ്യുമായിരുന്നു,’ വി ഡി സതീശൻ പറഞ്ഞു.

