കൊച്ചി : രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ച ഹൈക്കോടതി നടപടിയെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ് . ഹൈക്കോടതിയ്ക്ക് അഭിനന്ദനമറിയിച്ച് ഷമ മുഹമ്മദ് സോഷ്യൽ മീഡിയയിൽ പോസ്റ്റും പങ്ക് വച്ചു. കേരള ഹൈക്കോടതിയുടെ തീരുമാനം നന്നായി എന്നും, ഇത്തരമൊരു സ്ത്രീവിരുദ്ധനെ എന്നന്നേക്കുമായി ജയിലിൽ അടയ്ക്കണമെന്നും ഷമ മുഹമ്മദ് ആവശ്യപ്പെട്ടു.
അതേസമയം അതിജീവിതയെ ആക്ഷേപിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും .സെൻട്രൽ ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വർ ജാമ്യാപേക്ഷ നൽകി.തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.
നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് രാഹുൽ ഈശ്വർ. അറസ്റ്റിൽ പ്രതിഷേധിച്ച് ജയിലിൽ നിരാഹാരസമരവും തുടരുകയാണ്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും, ജാമ്യമില്ലാ വകുപ്പ് ചുമത്താനുള്ള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുലിന്റെ വാദം.അതിജീവിതയുടെ പേരോ വിവരങ്ങളോ താൻ പരസ്യപ്പെടുത്തിയില്ലെന്നും രാഹുൽ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
തിങ്കളാഴ്ച്ച വൈകിട്ട് ജില്ലാ ജയിലിൽ എത്തിച്ചത് മുതൽ നിരാഹാരം ഇരുന്ന് പ്രതിഷേധിക്കുന്ന രാഹുലിനെ ഇന്നലെ ഉച്ചയോടെയാണ് സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത് . പൊലീസ് കള്ളക്കേസ് എടുത്തുവെന്ന് ആരോപിച്ചാണ് രാഹുലിന്റെ നിരാഹാരസമരം.വെള്ളം മാത്രം മതിയെന്നാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ജയിൽ സൂപ്രണ്ടിന് എഴുതി നല്കുകയും ചെയ്തു.

