പാലക്കാട്: തനിക്കെതിരെ ഉന്നയിച്ച ലൈംഗിക പീഡന ആരോപണങ്ങൾ വ്യാജമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ . പരാതിക്കാരിയായ പാലക്കാട് സ്വദേശിനിയായ സ്ത്രീ തന്റെ ഭാര്യയുടെ അടുത്ത ബന്ധുവാണെന്നും വർഷങ്ങളായി തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് കൃഷ്ണകുമാറിനെതിരെ സ്ത്രീ പരാതി അയച്ചതായും അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് അവർക്ക് ഒരു അറിയിപ്പ് ലഭിച്ചതായും ഒരു വിഭാഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് കൃഷ്ണകുമാറിന്റെ പ്രതികരണം.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ഒന്നിലധികം ലൈംഗിക പീഡന പരാതികളുടെ പേരിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് രണ്ട് ദിവസത്തിന് ശേഷമാണ് മുതിർന്ന ബിജെപി നേതാവിനെതിരായ ആരോപണങ്ങൾ ഉയർന്നത് . പത്രസമ്മേളനത്തിൽ, കൃഷ്ണകുമാർ ലൈംഗികാരോപണങ്ങൾ നിരസിച്ചു . സ്വത്ത് തർക്കവും ഗാർഹിക പീഡന കേസുമായി ബന്ധപ്പെട്ട് അവർ സമർപ്പിച്ച സിവിൽ കേസ് സമഗ്രമായ അന്വേഷണത്തിന് ശേഷം പോലീസും കോടതിയും തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
“എന്റെ കുടുംബത്തിലെ ഒരു സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് ഈ പരാതി ഉയർന്നത്. ഞാനും എന്റെ ഭാര്യയും യഥാക്രമം 2015 ലും 2020 ലും തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പരാതിക്കാരി ഇതേ പരാതി ഉന്നയിച്ചു,” അദ്ദേഹം പറഞ്ഞു.
പോലീസ് അവരുടെ പരാതി അന്വേഷിക്കുകയും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തെളിവില്ലാത്തതിനാൽ അവർ ഉന്നയിച്ച എല്ലാ കുറ്റങ്ങളും റിപ്പോർട്ട് തള്ളിക്കളഞ്ഞിരുന്നു. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട സിവിൽ കേസിൽ ബ്ലാക്ക് മെയിലിനു വേണ്ടിയാണ് ലൈംഗിക പീഡന പരാതി ഫയൽ ചെയ്തത്. “ – കൃഷ്ണകുമാർ പറഞ്ഞു.
വി മുരളീധരൻ, എംടി രമേശ് എന്നിവരുൾപ്പെടെ മുതിർന്ന ബിജെപി നേതാക്കൾ പരാതി അവഗണിച്ചുവെന്ന പരാതിക്കാരിയുടെ ആരോപണത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, പരാതിയിൽ യാതൊരു കഴമ്പും ഇല്ലാത്തതിനാൽ പാർട്ടി തനിക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി.
അടുത്തിടെ കോൺഗ്രസിൽ ചേർന്ന മുൻ ബിജെപി നേതാവ് സന്ദീപ് വാരിയർ ആണ് ഈ കുതന്ത്രങ്ങൾക്ക് പിന്നിൽ .നനഞ്ഞ പടക്കം പോലെയാണ് ഈ ആരോപണം . വ്യാജവാർത്ത ചമച്ചവർക്കെതിരെ നടപടി ഉണ്ടാകും. തേങ്ങ ഉടയ്ക്ക് സ്വാമീ എന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഉടച്ചത് 2015ലും 2020ലും പൊട്ടിച്ച നനഞ്ഞ പടക്കമായിരുന്നു എന്ന് മാത്രം. ഇയാളെക്കൊണ്ട് കോൺഗ്രസ് പാർട്ടി അനുഭവിക്കാൻ പോകുകയാണ്‘ – കൃഷ്ണകുമാർ പറഞ്ഞു.

