തിരുവനന്തപുരം: ലൈംഗിക പീഡന ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. പെണ്‍കുട്ടികളെ പിന്തുടര്ന്നു ശല്യപ്പെടുത്തി എന്ന കുറ്റത്തിനാണ് കേസെടുത്തത്. രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. രാഹുലിനെതിരെ ലൈംഗികാരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഇതുവരെ പരാതി നൽകിയിട്ടില്ല.
മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത് . ആരോപണം ഉന്നയിച്ച സ്ത്രീകളില്നിന്നു നേരിട്ടു പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചിരുന്നത്. രാഹുലിനെതിരെ നിരവധി പരാതികൾ മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും നിരവധി സ്ത്രീകൾ ഇത്തരം പരാതികൾ ഉന്നയിച്ചിരുന്നു. ഈ വിഷയത്തിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ നിയമോപദേശം തേടുന്നുണ്ട് .
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകുന്നവർക്ക് ഭയമുണ്ടാകണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു . പരാതി നൽകുന്നവർക്ക് സർക്കാർ ആവശ്യമായ സംരക്ഷണം നൽകും. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്നും ഗർഭിണിയായ സ്ത്രീയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു .ബാലാവകാശ കമ്മിഷനിലും വനിതാ കമ്മിഷനിലും രാഹുലിന് എതിരെ പരാതികള്‍ ലഭിച്ചിരുന്നു.

