പത്തനംതിട്ട: തിരുവല്ലയിലെ സ്പാ സെന്ററിലെ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . തിരുവല്ലയിലെ മറ്റൊരു സ്പാ സെന്ററിന്റെ ഉടമയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് സ്പാ സെന്ററിന്റെ ഉടമ ഡോ. സഞ്ജയ് മുന്നോട്ട് വന്നു. തന്റെ ബിസിനസ്സ് നശിപ്പിക്കാൻ നൽകിയ ക്വട്ടേഷനാണ് ഇതെന്നാണ് സഞ്ജയ് പറയുന്നത് .
‘എതിർ ബിസിനസ് ഗ്രൂപ്പിന്റെ ക്വട്ടേഷൻ ഗുണ്ടകൾ നടപ്പിലാക്കി. പണം നൽകാത്തതിന്റെ ആക്രമണമല്ല ഇത്. പണം തട്ടിയെടുക്കൽ കഥ പോലീസ് കെട്ടിച്ചമച്ചതാണ്. പോലീസും ഗുണ്ടകളും തമ്മിൽ അവിശുദ്ധ ഗൂഢാലോചനയുണ്ട്. പോലീസ് എന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. പ്രത്യേക പരാതി നൽകും,’ ഡോ. സഞ്ജയ് പറഞ്ഞു. അതേസമയം, പോലീസ് വകുപ്പിലും ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോലീസും ഗുണ്ടകളും തമ്മിലുള്ള അവിശുദ്ധ ഒത്തുകളി സംശയത്തെ തുടർന്ന് ഉന്നതതല നിർദ്ദേശപ്രകാരമാണ് അന്വേഷണം നടക്കുന്നത്. തിരുവല്ല സ്റ്റേഷനിലെ പോലീസുകാർക്ക് സ്പാ സെന്ററുകളിൽ നിന്ന് പ്രതിമാസം ശമ്പളം ലഭിക്കുന്നുണ്ടെന്നാണ് സൂചന. ചില പോലീസുകാർ സ്പാ സെന്ററുകളിൽ പതിവായി സന്ദർശകരാണ്. കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത് ഫെബ്രുവരി ഒന്നിനാണ്. പോലീസ് സംഭവം മറച്ചുവെച്ചതും സംശയം ജനിപ്പിക്കുന്നു.
പ്രതികളായ കുട്ടപ്പുഴയിലെ പാപ്പിനിവേലിൽ സുബിൻ അലക്സാണ്ടർ (29), മുപ്പിരിയിലെ ബെർലിൻദാസ് (38) എന്നിവരെ യുവതിയുടെ പരാതിയിൽ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നാലുപേർ ഒളിവിലാണ്. പണം നൽകാത്തതിന് ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നായിരുന്നു വാർത്ത. സ്ത്രീയെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് ക്രൂരമായ പ്രവൃത്തി പുറത്തുവന്നത്.
സുബിനും കൂട്ടാളികളും പലതവണ സ്പായിലെത്തി ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. 50,000 രൂപ നല്‍കണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളിയതോടെ ജീവനക്കാരെ ഭീഷണിപ്പെടുത്തി. പണം കിട്ടില്ലെന്ന് വന്നതോടെ ഫെബ്രുവരി ഒന്നാം തീയതി ഉച്ചയ്ക്ക് സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി ജീവനക്കാരിയെ വലിച്ചിഴച്ച് മുറിക്ക് ഉള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു പീഡനം. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. സ്ഥാപനത്തില്‍ ഉണ്ടായിരുന്ന 25,000 രൂപ കൈക്കലാക്കിയാണ് സുബിനും കൂട്ടാളികളും സ്ഥലംവിട്ടത്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയും എന്നായിരുന്നു ഭീഷണി എന്നും പോലീസ് പറയുന്നു.

