കൊച്ചി: മന്ത്രി സജി ചെറിയാൻ മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ ഭരണഘടനയെ അധിക്ഷേപിച്ച് നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സജി ചെറിയാൻ ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചു എന്ന ആരോപണം നിലനിൽക്കുന്നതല്ലെന്നായിരുന്നു പോലീസിന്റെ നേരത്തേയുള്ള കണ്ടെത്തൽ.
എന്നാൽ സജി ചെറിയാൻ ഭരണത്തിലെ തന്റെ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിച്ചുവെന്നും പ്രസംഗത്തിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്. സംഭവത്തിൽ പോലീസിന്റെ കേസ് ഡയറി ഹാജരാക്കാൻ കോടതി നേരത്തേ നിർദ്ദേശിച്ചിരുന്നു.
സജി ചെറിയാന്റെ പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ: ‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മളെല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന് പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും. ഇതിന്റെ മുക്കിലും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്നപേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതുമാത്രമാണ് ഇതിന്റെ ഉദ്ദേശ്യം.‘
സംഭവം വിവാദമായതോടെ സജി ചെറിയാനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും പിന്നാലെ സമ്മർദ്ദത്തെ തുടർന്ന് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതോടെ സജി ചെറിയാന് മന്ത്രിസ്ഥാനത്ത് നിന്നും മാറി നിൽക്കേണ്ടിയും വന്നിരുന്നു. എന്നാൽ കോടതിയിൽ പോലീസ് ക്ലീൻ ചിറ്റ് നൽകിയതോടെ സജി ചെറിയാൻ വീണ്ടും മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുകയായിരുന്നു.
താൻ മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതു പ്രവർത്തകനാണ് താനെന്നുമായിരുന്നു സജി ചെറിയാന്റെ വിശദീകരണം. ഭരണഘടനയെ സംരക്ഷിക്കണം എന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങൾക്ക് ശാക്തീകരണം ആവശ്യമാണ്. അതാണ് സൂചിപ്പിച്ചത്. ഭരണഘടനക്കെതിരെ പറഞ്ഞിട്ടില്ല. അപമാനിക്കൽ ഉദ്ദേശിച്ചിട്ടേ ഇല്ലെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.
അംബേദ്കറെ പ്രസംഗത്തില്‍ അപമാനിച്ചിട്ടില്ല. വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിലും പറയാത്ത കാര്യം പറഞ്ഞെന്ന് പറയുന്നതിലും ദുഃഖം ഉണ്ട്. അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സജി ചെറിയാൻ വിശദീകരിച്ചിരുന്നു.