പത്തനംതിട്ട : മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമലയിൽ സുരക്ഷാസജ്ജീകരണങ്ങൾ ഒരുക്കുന്നു . 13000 പോലീസുകാരെയാണ് ശബരിമലയിൽ നിയോഗിക്കുക. പമ്പയുൾപ്പടെ വിവിധ ഇടങ്ങളിൽ ആറ് ഭാഷകളിൽ ബോർഡുകൾ വയ്ക്കും . ഒരുക്കങ്ങളുടെ അവലോകനത്തിന് കലക്ടർ എസ് പ്രേം കൃഷ്ണൻ നേതൃത്വം നൽകി.
പാർക്കിംഗ് ഗ്രൗണ്ടുകളിൽ സുരക്ഷാക്യാമറകൾ , ഉച്ചഭാഷിണി എന്നിവ സജീകരിക്കും .റോഡുകളിൽ അനധികൃത പാർക്കിംഗ് അനുവദിക്കില്ല . പമ്പയിലും , സന്നിധാനത്തും ഭക്തർക്ക് കുടിവെള്ളം ഒരു മണിക്കൂർ ഇടവിട്ട് പരിശോധിക്കും .24 മണിക്കൂറും പമ്പയിലും , നിലയ്ക്കലും ആശുപത്രി സേവനം ഉണ്ടാകും .
ഹോട്ടൽ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് പരിശോധന നിർബന്ധമാണ്. വില വിവരങ്ങൾ കൃത്യമായി കാണിക്കണം . അളവ് തൂക്കങ്ങളും പരിശോധിക്കും . 450 കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തും . നിലയ്ക്കൽ – പമ്പ സർവീസിനായി 241 ബസുകൾ ഉണ്ടാകും . പമ്പയിൽ തുണി ഒഴുക്കുന്ന ആചാരം ശബരിമലയിൽ ഇല്ലാത്തതിനാൽ അത്തരം കാര്യങ്ങൾക്കെതിരെ ബോധവത്ക്കരണം നടത്തും. ശബരിമല എ ഡി എം അരുൺ എസ് നായർ, ജില്ലാ പോലീസ് മേധാവി വി ജി കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
തുലാമാസക്കാലത്ത് അയ്യപ്പ ദർശനത്തിന് വൻ തിരക്കാണ് ഉണ്ടായത്. പതിനെട്ടാം പടികയറാൻ പോലും ആറു മണിക്കൂറിലേറെ നീണ്ട ക്യൂവാണ് ഉണ്ടായിരുന്നത് . അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഭക്തരെ വലച്ചു. മണ്ഡലകാലത്ത് ഇത്തരം പരാതികൾ ഒഴിവാക്കി സൗകര്യങ്ങൾ ഒരുക്കാനാണ് തീരുമാനം .