പത്തനംതിട്ട : ഇടുക്കി സത്രം-പുല്ലുമേട് കാനനപാതയിൽ നിയന്ത്രണമേർപ്പെടുത്തി. മൂടൽ മഞ്ഞും മഴയും ശക്തി പ്രാപിച്ചതോടെയാണ് പാത അടച്ചത് . ശബരിമല ഭക്തരെ ഇന്ന് കടത്തിവിടില്ല. പമ്പയിലെത്താൻ കുമളിയിൽ നിന്നുള്ള കെഎസ്ആർടിസി ബസ് ക്രമീകരിച്ചിട്ടുണ്ട്
സത്രത്തിൽ നിന്ന് ആറ് കിലോമീറ്ററാണ് പുല്ലുമേട്ടിലേക്കുള്ള ദൂരം. സത്രം – പുല്ലുമേട് വഴി സന്നിധാനത്തേക്ക് പോകാൻ അഞ്ഞൂറോളം ഭക്തർ ഇന്നലെ രാത്രി തന്നെ എത്തിയിരുന്നു. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രമേ കടത്തി വിടുകയുള്ളുവെന്ന് വനംവകുപ്പ് രാത്രി തന്നെ മുന്നറിയിപ്പ് നൽകി.
മഞ്ഞും മഴയും തുടരുന്ന സാഹര്യത്തിൽ ഭക്തരുടെ സുരക്ഷ മുൻനിർത്തിയാണ് കാനന പാത അടച്ചത്. രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സത്രം- പുല്ലുമേട് വഴി കടത്തിവിടുന്നത്. കാലാവസ്ഥ അനുകൂലമായാൽ നാളെ മുതൽ ഭക്തരെ കടത്തി വിടുമെന്ന് ജില്ലാ ഭരണകൂടവും വനം വകുപ്പും അറിയിച്ചു.
സീറോ പോയിൻറ്, സീതക്കുളം മേഖലയിലാണ് കനത്ത മൂടൽ മഞ്ഞുണ്ടായിരുന്നത് . ശബരിമലയിൽ മഴ കനക്കുകയാണ്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ രണ്ട് സെൻ്റി മീറ്റർ മഴയും 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയെ തുടർന്ന് സന്നിധാനത്ത് എത്തിയ ഭക്തരുടെ എണ്ണത്തിലും കുറവുണ്ട്.