തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്നെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. സോണിയ ഗാന്ധിയെ കാണാന്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് എന്നല്ല ആര്‍ക്കും അപ്പോയിന്മെന്റ് എടുത്തുകൊടുത്തിട്ടില്ല. കൊള്ളക്കാരന് ആണെന്ന് അറിഞ്ഞു കൊണ്ടല്ല പോറ്റിയെ കണ്ടതെന്നും അടൂർ പ്രകാശ് പറഞ്ഞു.
ശബരിമല അന്നദാനത്തിന് ക്ഷണിച്ചപ്പോള്‍ പോയെന്നു മാത്രം. ബാക്കി കാര്യങ്ങളെല്ലാം എസ്ഐടിക്കു മുന്നില്‍ വെളിപ്പെടുത്തുമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.‘ചാനലുകള്‍ പറയുന്നത് കേട്ടാല്‍ എന്നെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് തോന്നും. എനിക്ക് ഒരു ഭയവുമില്ല.കടകംപള്ളിയെ ചോദ്യം ചെയ്തത് അതീവ രഹസ്യമായാണ്. ദിവസങ്ങള്‍ കഴിഞ്ഞാണ് പുറത്തറിഞ്ഞത്. എന്നാല്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ പോകുന്നു എന്ന് ഇപ്പോഴേ വാര്‍ത്ത വരികയാണ്.അന്വേഷണ സംഘം തന്നെ ചോദ്യം ചെയ്യാനായി ഇതുവരെ വിളിപ്പിച്ചിട്ടില്ലെന്നും‘അടൂര്‍പ്രകാശ് പറഞ്ഞു.
ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാല്‍ ഉറപ്പായും ഹാജരാകും. തനിക്ക് ഒന്നും ഒളിച്ചുവെക്കാനോ മറച്ചുവെക്കാനോ ഇല്ല. എസ്ഐടി വിളിച്ചാല്‍, മാധ്യമങ്ങളെ കൂടി കൊണ്ടുവരാന്‍ അനുവദിക്കണണെന്ന് ആവശ്യപ്പെടും. അനുവദിച്ചില്ലെങ്കില്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ മാധ്യമങ്ങളെക്കൂടി അറിയിച്ച ശേഷമേ എസ്ഐടിക്കു മുന്നില്‍ ഹാജരാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

