പത്തനംതിട്ട : ശബരിമലയിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത് ഭഗവാൻ അയ്യപ്പൻ നൽകിയ അനുഗ്രഹവും നിയോഗവുമാണെന്ന് നിയുക്ത മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി . മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് അപ്രതീക്ഷിതമായി ലഭിച്ച അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ദുഷ്പെരുമാറ്റമോ സാമ്പത്തിക താൽപ്പര്യങ്ങളോ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
“അയ്യപ്പ ഭക്തരോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. ഞാൻ എപ്പോഴും സത്യസന്ധനായിരിക്കും. എന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ദുഷ്പെരുമാറ്റമോ സാമ്പത്തിക താൽപ്പര്യങ്ങളോ ഉണ്ടാകില്ല. എനിക്ക് ജീവിക്കാൻ ആവശ്യമായതെല്ലാം ഭഗവാൻ എനിക്ക് നൽകിയിട്ടുണ്ട്. ഇത് ഒരു മികച്ച അവസരമായി ഞാൻ കരുതുന്നു,” അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം സ്വദേശിയായ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി നറുക്കെടുപ്പിന്റെ മൂന്നാം റൗണ്ടിലാണ് തിരഞ്ഞെടുക്കപ്പെട്ടത് . കഴിഞ്ഞ അഞ്ച് വർഷമായി അദ്ദേഹം പഴവങ്ങാടി ക്ഷേത്രത്തിലെ മേൽശാന്തിയായി സേവനമനുഷ്ഠിക്കുന്നു. ശബരിമല മേൽശാന്തി സ്ഥാനത്തേക്ക് നേരത്തെ അഞ്ച് തവണ അപേക്ഷിച്ചിരുന്ന അദ്ദേഹം മൂന്ന് തവണ ഷോർട്ട്ലിസ്റ്റിൽ ഇടം നേടിയിരുന്നു . മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിയായി കോഴിക്കോട് വടകര സ്വദേശി എ. ദാമോദരൻ നമ്പൂതിരിയെയും തിരഞ്ഞെടുത്തു.
പന്തളം രാജകുടുംബത്തിലെ ദേവാനന്ദൻ അർജുനും അനശ്വര എം. രഞ്ജിത്തും ചേർന്നാണ് നറുക്കെടുപ്പ് നടത്തിയത്. ശബരിമല മേൽശാന്തി സ്ഥാനത്തേക്ക് ദേവാനന്ദൻ നറുക്കെടുപ്പ് നടത്തിയപ്പോൾ, മാളികപ്പുറം സ്ഥാനത്തേക്ക് അനശ്വര നറുക്കെടുപ്പ് നടത്തി. പന്തളം രാജകുടുംബത്തിലെ രാമവർമ രാജയാണ് കുട്ടികൾക്ക് നറുക്കെടുപ്പ് ചുമതല നൽകിയത്.

