കൊച്ചി: അറബിക്കടലിൽ മറിഞ്ഞ എംഎസ്സി എൽസ 3 കപ്പൽ കമ്പനിയിൽ നിന്ന് 9,531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. പരിസ്ഥിതി, സാമ്പത്തിക മേഖലകളിലുണ്ടായ നഷ്ടം പരിഗണിച്ചാണിത്. സർക്കാർ സമർപ്പിച്ച അഡ്മിറൽറ്റി കേസ് പരിഗണിച്ച ജസ്റ്റിസ് എം.എ. അബ്ദുൾ ഹക്കീം, വിഴിഞ്ഞത്ത് എത്തിയ മെഡിറ്ററേനിയൻ കമ്പനിയുടെ മറ്റൊരു കപ്പലായ അക്കിറ്റേറ്റ 2 അടിയന്തരമായി തടഞ്ഞു വയ്ക്കാൻ നിർദ്ദേശം നൽകി .
നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമെടുത്ത ശേഷം കപ്പൽ വിട്ടയക്കണമെന്ന് ഉത്തരവിൽ പറയുന്നു.ഹർജി തീർപ്പാക്കുന്നത് വരെ ആറ് ശതമാനം പലിശ സഹിതം ഇടക്കാല ആശ്വാസവും സർക്കാർ ആവശ്യപ്പെട്ടു. പരിസ്ഥിതി നാശം, മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗ നഷ്ടം, കണ്ടെയ്നറുകളിൽ നിന്ന് മാലിന്യം നീക്കം ചെയ്യുന്നതിനുള്ള ചെലവ് എന്നിവയ്ക്കാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഹർജി 10-ാം തീയതി വീണ്ടും പരിഗണിക്കും.
മലിനീകരണം മൂലമുള്ള പരിസ്ഥിതി നാശം…………… 8,626.12 കോടി
പരിസ്ഥിതി പുനരുദ്ധാരണ ചെലവ്……………………… 526.51 കോടി
മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക നഷ്ടം…….. 526.51 കോടി
നഷ്ടം…………………………………………. 9,531 കോടി
എന്നിങ്ങനെയാണ് കണക്കുകൾ .
വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട എം.എസ്.സി എൽസ 3 എന്ന ചരക്കുകപ്പൽ മേയ് 25 നാണ് കൊച്ചി പുറംകടലിൽ മുങ്ങി അപകടമുണ്ടായത്. കടലിലേക്ക് വീണ കപ്പലിലെ കണ്ടെയ്നറുകൾ കൊല്ലം, ആലപ്പുഴ, തിരുവന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് അടിഞ്ഞത്. സംഭവത്തിൽ അപകട വസ്തുക്കളടങ്ങിയ നിരവധി കണ്ടെയ്നറുകൾ കടലിൽ ഒഴുകിപ്പോയിരുന്നു.

