പത്തനംതിട്ട: ഹണിട്രാപ്പിൽ കുടുക്കി ദമ്പതികൾ യുവാക്കളെ ക്രൂരമായി ആക്രമിച്ച കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്ത് . റാന്നി, ആലപ്പുഴ സ്വദേശികളായ യുവാക്കളെയാണ് ജയേഷും രശ്മിയും ക്രൂരമായി പീഡിപ്പിച്ചത് . റാന്നി സ്വദേശിയുമായി രശ്മിക്ക് അവിഹിത ബന്ധമുണ്ടെന്ന് ജയേഷ് സംശയിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
രശ്മിയുടെ സ്വകാര്യ ചിത്രങ്ങൾ യുവാവിന്റെ ഫോണിൽ ഉണ്ടായിരുന്നതായും ജയേഷ് സംശയിച്ചു. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് യുവാക്കളെ ക്രൂരമായി പീഡിപ്പിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. റാന്നി സ്വദേശിയായ യുവാവ് ജയേഷിനൊപ്പം ജോലിചെയ്തിരുന്നു.
തിരുവോണ ദിവസം ഒരുമിച്ച് ആഘോഷിക്കാം എന്ന് പറഞ്ഞാണ് ജയേഷ് യുവാവിനെ വീട്ടിലേക്ക് വിളിച്ചത് . വീട്ടിലെത്തി സംസാരിക്കുന്നതിനിടെ മർദ്ദിക്കാൻ തുടങ്ങി. ഷാൾ കൊണ്ട് കൈകാലുകൾ കെട്ടി പ്ലാസ്റ്റിക് കയർ കൊണ്ട് കെട്ടിത്തൂക്കി. ദമ്പതികൾ ഇരുമ്പ് വടി കൊണ്ട് മർദ്ദിക്കുകയും പിന്നീട് സൈക്കിൾ ചെയിൻ ഉപയോഗിച്ച് നെഞ്ചിൽ അടിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
കാമുകിയുടെ ബന്ധുക്കൾ തന്നെ ക്രൂരമായി ആക്രമിച്ച കാര്യം എല്ലാവരോടും പറയാൻ ജയേഷ് യുവാവിനോട് ആവശ്യപ്പെട്ടു. യുവാവ് ആദ്യം പോലീസിനോട് പറഞ്ഞത് ഇതാണ്. അതനുസരിച്ച് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ കാമുകിയെ ജയേഷും രശ്മിയും നേരത്തേ കാണുകയും പോലീസ് വന്നാല്‍ ബന്ധുക്കള്‍ മര്‍ദിച്ചതായി പറയണമെന്നും പറഞ്ഞു. ഇതാണ് ദമ്പതിമാരെ കുരുക്കിയത്. കാമുകിയില്‍ നിന്ന് ദമ്പതിമാരെ കുറിച്ചുള്ള വിവരം പോലീസിന് കിട്ടുകയും അന്വേഷണത്തിനൊടുക്കം പിടികൂടുകയുമായിരുന്നു.

