കൊച്ചി: ശബരിമല ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശിയ വിവരങ്ങളിൽ അവ്യക്തതയുണ്ടെന്ന് ഹൈക്കോടതി. നിർമാണത്തിന് എത്ര സ്വർണം ഉപയോഗിച്ചുവെന്നും ഹൈക്കോടതി ചോദിച്ചു. മഹസർ ഉൾപ്പെടെയുള്ള രേഖകൾ മറ്റന്നാൾ ഹാജരാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.കോടതി നിര്‍ദേശപ്രകാരം ഹാജരാക്കിയ രേഖകളാണ് പരിശോധിച്ചത്.
സ്വർണപാളികളിൽ നിയമാനുസൃതമായ രീതിയിൽ അറ്റകുറ്റപ്പണി തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയിലെ സ്വർണപ്പാളികൾ ഇളക്കി ചെന്നൈയിലേക്ക് കൊണ്ടുപോയ നടപടിയെ നേരത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു.ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ കോടതിയുടെ അനുമതിയില്ലാതെ ഇളക്കിയെന്ന് ആരോപിച്ച് സ്പെഷ്യൽ കമ്മിഷണർ ആർ ജയകൃഷ്ണൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണപ്പണികൾ നടത്താവൂ എന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശം.
സ്വർണപ്പാളികൾ തിരികെയെത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.അനുമതി തേടാതിരുന്നതിന് ദേവസ്വം ബോര്‍ഡ് കോടതിയില്‍ മാപ്പപേക്ഷിച്ചിരുന്നു. ഇതോടെ സ്വർണപ്പാളി ഉടൻ എത്തിക്കണമെന്ന നിലപാട് കോടതി മയപ്പെടുത്തുകയും ചെയ്തിരുന്നു. സ്വർണപ്പാളി ഉടൻ എത്തിക്കേണ്ടെന്ന് കോടതി അറിയിക്കുകയും ഇളക്കിയ സ്വർണപ്പാളിയുടെ തൂക്കം അടക്കം രേഖകൾ ഹാജരാക്കാൻ ദേവസ്വം വിജിലൻസ് എസ്.പിക്ക് കോടതി നിർദേശം നൽകുകയുമായിരുന്നു.

