ചെന്നൈ: തമിഴ്നാട്ടിലെ രാമനാഥപുരത്ത് ഉണ്ടായ വാഹനാപകടത്തിൽ നാല് അയ്യപ്പ ഭക്തർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് അപകടം. മരിച്ചവർ ആന്ധ്രാപ്രദേശ് സ്വദേശികളാണ്. ശബരിമല ദർശനം കഴിഞ്ഞ് ഭക്തർ മടങ്ങുന്നതിനിടെയാണ് അപകടം.
കിളക്കരൈ സ്വദേശിയായ മുഷ്താഖ് അഹമ്മദ് (30), ആന്ധ്ര സ്വദേശികളായ രാമചന്ദ്ര റാവു (55), അപ്പറാവു നായിഡു (40), ബന്ദാരു ചന്ദ്ര റാവു (42), രാമർ (45) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ അയ്യപ്പ ഭക്തരുമായി സഞ്ചരിച്ചിരുന്ന കാർ റോഡരികിൽ പാർക്ക് ചെയ്ത് എല്ലാവരും വാഹനത്തിനുള്ളിൽ തന്നെ ഉറങ്ങുകയായിരുന്നു. ഇതിനിടെ അതേ റോഡിൽ എത്തിയ മറ്റൊരു കാർ നിയന്ത്രണം നഷ്ടപ്പെട്ട് പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചു കയറുകയായിരുന്നു . അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.രാമേശ്വരം ക്ഷേത്രത്തില്‍ ദര്‍ശനത്തിനായാണ് ഇവര്‍ രാമനാഥപുരത്തെത്തിയത്.

