തിരുവനന്തപുരം ; കോൺഗ്രസിൽ അടിമുടി അഴിച്ചുപണി അനിവാര്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എം പി യുമായ രാജ്മോഹൻ ഉണ്ണിത്താൻ. ജാതിസമവാക്യങ്ങൾ മാറണമെന്നും, അത് കാരണം യോഗ്യതയുള്ളവർ തഴയപ്പെടുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
1978 മുതലുള്ള തന്റെ പ്രവർത്തന പാരമ്പര്യം ഹൈക്കമാൻഡ് പരിഗണിക്കണമെന്നും , ജാതിസമവാക്യങ്ങൾ നോക്കി അധ്യക്ഷനെ തീരുമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ പി സി സി അധ്യക്ഷസ്ഥാനത്തേയ്ക്ക് തന്നെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം എ ഐ സിസി നേതൃത്വത്തിന് കത്തയച്ചു. കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പേര് വന്നവർ പി ആർ വർക്ക് നടത്തുന്നവരാണ് . മറ്റുള്ളവരെ അവഹേളിക്കുന്നു.സംഘടനയെ വളർത്താൻ അവർക്ക് താല്പര്യമില്ല. അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രധാനമാനദണ്ഡം അർഹതയും, യോഗ്യതയും , പാർട്ടിയിഎ പ്രവർത്തന പരിചയവും മാത്രമായിരിക്കണം .
കോൺഗ്രസിലെ പല നേതാക്കൾക്കും ഫേക്ക് അക്കൗണ്ടുകൾ ഉണ്ട്. അതിന്റെ പരിണിതഫലമാണ് നമ്മൾ അനുഭവിക്കുന്നത്. ഇപ്പോൾ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ പലരും പി ആർ വർക്കിലൂടെ ഇമേജുകൾ നേതാക്കളായവരാണ്. അവർ പാർട്ടിയെ വളർത്താനല്ല സ്വന്തം ഇമേജ് വളർത്താനാണ് ശ്രമിക്കുന്നതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
അതേസമയം എം പി മാരെയും, എം എൽ എ മാരെയും അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡി സി ഓഫീസിന്റെ മുന്നിലടക്കം വിവിധ ഇടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നിട്ടുണ്ട്.

