ഡബ്ലിൻ: മലയാളീസ് ഇൻ സിറ്റി വെസ്റ്റ് (എംഐസി) ഓണം ആഘോഷിച്ചു. ഓഗസ്റ്റ് 29 ന് ഡബ്ലിനിലെ പെരിസ്ടൗൺ കമ്യൂണിറ്റി സെന്ററിലായിരുന്നു മലയാളികൾ ഓണം ആഘോഷമാക്കിയത്. അത്തപ്പൂക്കളം നുള്ളി എന്ന പേരിലായിരുന്നു പരിപാടി.
പതിവ് ഓണാഘോഷങ്ങളുടെ ചട്ടക്കൂടുകൾ പൊളിച്ച് ഓണം എഐസി ഒരു ഉത്സവമാക്കുകയായിരുന്നു. ഉത്സവപ്പറമ്പുകളെ ഓർമ്മിക്കും വിധമായിരുന്നു വേദിയിലെ ക്രമീകരണങ്ങൾ. കേരളത്തിന്റെ തനിമ അയർലൻഡിന് പകർന്ന് ചുണ്ടൻ വള്ളം, ആൽത്തറ, തുളസിത്തറ, ഉത്സവത്തിന്റെ ഓർമ്മകൾ പകർന്ന് സ്വർണക്കൊടിമരം എന്നി സജ്ജീകരിച്ചിരുന്നു. തൃശ്ശൂർ പൂരത്തിന്റെ പ്രൗഡി വിളിച്ചോതുന്ന രീതിയിൽ നെറ്റിപ്പട്ടവും മുത്തുക്കുടകളും ഒരുക്കിയിരുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ- സാംസ്കാരിക പരിപാടികൾ പരിപാടിയുടെ മറ്റൊരു ആകർഷണമായി.

