ഡബ്ലിൻ: അയർലൻഡിൽ പബ്ബുകൾ വ്യാപകമായി അടച്ചുപൂട്ടുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ അയർലൻഡിലെ നാലിലൊന്ന് പബ്ബുകളും അടച്ചുപൂട്ടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2005 മുതൽ 2,205 സ്ഥാപനങ്ങളാണ് അടച്ചുപൂട്ടേണ്ടതായി വന്നത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പ്രതിവർഷം ശരാശരി 110 പബ്ബുകൾ വീതം വ്യാപാരം അവസാനിപ്പിച്ചെന്നാണ് ഡിസിയുവിലെ സാമ്പത്തിക വിദഗ്ധനും അസോസിയേറ്റ് പ്രൊഫസറുമായ ആന്റണി ഫോളി വ്യക്തമാക്കുന്നത്. രാജ്യത്തെ എല്ലാ കൗണ്ടികളിലും പബ്ബുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. 2005 ന് ശേഷം ലിമെറിക്കിലാണ് പബ്ബുകളുടെ എണ്ണത്തിൽ വലിയ കുറവ് കണ്ടെത്തിയിരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന 37.2 ശതമാനം പബ്ബുകളും അടച്ചുപൂട്ടി. 2005 മുതൽ ഒഫാലിയിലെ മൂന്നിലൊന്ന് പബ്ബുകൾക്കാണ് പൂട്ടുവീണത്. കോർക്ക്, റോസ്കോമൺ മുതലായ സ്ഥലങ്ങളിലും ധാരാളം പബ്ബുകൾ പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്

