തിരുവനന്തപുരം: ഭാരത് മാതാ വിവാദത്തെ തുടർന്ന് രാജ്ഭവനിൽ നിന്ന് ഇറങ്ങിപ്പോയത് വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടിയല്ല, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനാണെന്ന് മന്ത്രി വി ശിവൻകുട്ടി.
‘ എനിക്കെതിരെ എബിവിപി കരിങ്കൊടി കാണിക്കുകയും കാറിന് മുന്നിൽ ചാടുകയും ചെയ്തത് രാജ്ഭവന്റെ നിർദ്ദേശത്തിന്റെ ഭാഗമാണെന്ന് ഞാൻ സംശയിക്കുന്നു. രാജ്ഭവൻ നിയന്ത്രിക്കുന്നത് ആർഎസ്എസാണ്. തിരുവനന്തപുരത്ത് കരിങ്കൊടി കാണിച്ച എബിവിപി പ്രവർത്തകർ എന്റെ കാർ നിർത്തിയപ്പോൾ അതിന് മുന്നിൽ ദേശീയ പതാക വലിച്ചുകീറി. ദേശീയ പതാകയോട് അവർക്ക് എത്രമാത്രം ബഹുമാനമുണ്ടെന്ന് ഇത് കാണിക്കുന്നു ‘ എന്നും ശിവൻ കുട്ടി പറഞ്ഞു.
അതേസമയം രാജ്ഭവനിലെ ചടങ്ങുകളിൽ ഭാരതാംബ ചിത്രം സ്ഥാപിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാൻ ആലോചിക്കുകയാണ് സർക്കാർ . നിയമ സെക്രട്ടറിയിൽ നിന്നും അഡ്വക്കേറ്റ് ജനറലിൽ നിന്നും സർക്കാർ ഉപദേശം തേടി. ചടങ്ങുകളിൽ ഉപയോഗിക്കാവുന്ന ചിഹ്നങ്ങളും ചിത്രങ്ങളും അടങ്ങിയ പ്രോട്ടോക്കോൾ തയ്യാറാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചു. കരട് രേഖ തയ്യാറാക്കാൻ നിയമ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാജ്ഭവനിലെ സർക്കാർ പരിപാടികൾ ഒഴിവാക്കാനും പദ്ധതിയുണ്ട്.

