തിരുവനന്തപുരം : അടുത്ത അഞ്ചുദിവസത്തേക്ക് സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ സാധ്യത പ്രവചിച്ചു. ഇതേ തുടർന്ന് ഉരുൾപൊട്ടൽ, മണ്ണിടിച്ചൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശമുണ്ട്.
ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 115.6 മി. മീ മുതൽ 204.4 മി. മീ വരെ മഴ ലഭിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് . കൂടാതെ അടുത്ത മൂന്ന് മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴക്ക് സാധ്യതയും അറിയിച്ചു .
ശക്തമായ മഴ സാധ്യത നിലനിൽക്കുന്നതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.