തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ . രാഹുലിനെ സസ്പെൻഡ് ചെയ്യുന്നത് പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിന് തുല്യമാണെന്ന് മുരളീധരൻ പറഞ്ഞു. പ്രതിക്ക് പാർട്ടി സംരക്ഷണം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സാഹചര്യങ്ങൾ പരിശോധിച്ചതിന് ശേഷമേ രാഹുലിനെതിരെ കർശന നടപടി സ്വീകരിക്കൂ. ഈ വിഷയത്തിൽ കോൺഗ്രസിന് കൂടുതലൊന്നും ചെയ്യാനില്ല. അതിനാൽ, ഇപ്പോഴത്തെ വിവാദങ്ങളിൽ താൽപ്പര്യമില്ല. രാഹുലിനെ അറസ്റ്റ് ചെയ്യുമ്പോൾ കൂടുതൽ കാര്യങ്ങൾ പരിഗണിക്കാം. അദ്ദേഹത്തിന്റെ എംഎൽഎ സ്ഥാനവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ല. രാഹുൽ തന്നെ അതിനെക്കുറിച്ച് ചിന്തിക്കണം.
ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിന് തുല്യമാണ് സസ്പെൻഷൻ. ഇത് നിലനിൽക്കുന്നിടത്തോളം കാലം രാഹുലിന് പാർട്ടി പരിപാടികളിൽ പങ്കെടുക്കാനോ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനോ കഴിയില്ല. സസ്പെൻഷനിൽ ആയിരിക്കുമ്പോൾ രാഹുൽ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിട്ടില്ല. പാർട്ടി നേതാക്കളുമായി അദ്ദേഹം വേദി പങ്കിട്ടിട്ടില്ല. പാർട്ടി ഇനി ഇത് ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യും. അദ്ദേഹത്തിന് സംരക്ഷണം ഒരുക്കേണ്ട ഉത്തരവാദിത്തം പാർട്ടിക്കില്ല.
അദ്ദേഹത്തിന്റെ ഒളിച്ചോട്ടത്തെക്കുറിച്ച് അന്വേഷിക്കേണ്ടതില്ല. കെപിസിസി പ്രസിഡന്റ് പാർട്ടിയുടെ അഭിപ്രായം പറയണം. രാഹുൽ രാജിവയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കണം. പ്രതികൾ സ്വയം സംരക്ഷിക്കണം. ശബരിമലയിലെ സ്വർണ്ണ കൊള്ള ഇത് കൊണ്ട് മറച്ചുവെക്കാമെന്ന് ആരും കരുതരുത്. ഞങ്ങൾ ശക്തമായി പ്രതികരിക്കും,’ മുരളീധരൻ പറഞ്ഞു.

