തിരുവനന്തപുരം : ശബരിമല സ്വർണ്ണ മോഷണക്കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസിന് ജാമ്യം ലഭിച്ചു. ക്ഷേത്ര വാതിൽ ഫ്രെയിം കേസിലും ദ്വാരപാലക വിഗ്രഹങ്ങളുമായി ബന്ധപ്പെട്ട കേസിലുമാണ് കൊല്ലം വിജിലൻസ് കോടതി അദ്ദേഹത്തിന് സ്റ്റാറ്റ്യൂട്ടറി ജാമ്യം അനുവദിച്ചത് . ഇതോടെ, ശബരിമല സ്വർണ്ണ മോഷണക്കേസിലെ എല്ലാ പ്രതികളും ഇപ്പോൾ ജാമ്യത്തിലാണ്. നിശ്ചിത സമയത്തിനുള്ളിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ശങ്കരദാസ് ജാമ്യത്തിന് അപേക്ഷത്.
പ്രതികൾ അറസ്റ്റിലായി 90 ദിവസത്തിനുശേഷവും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കേസിൽ കസ്റ്റഡിയിൽ കഴിയുന്ന 13 പേരിൽ അവസാനത്തെ പ്രതിയായിരുന്നു ശങ്കരദാസ്. എ പത്മകുമാർ, തന്ത്രി കണ്ഠരര് രാജീവരര്, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുൾപ്പെടെ മറ്റ് പ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ നേരത്തെ ശങ്കരദാസ് ജാമ്യം തേടിയെങ്കിലും കോടതി അദ്ദേഹത്തിന്റെ അപേക്ഷ തള്ളിയിരുന്നു. ജനുവരി 14 നാണ് എസ്ഐടി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

