പാലക്കാട്: തനിക്കെതിരായി പുറത്തുവന്ന ശബ്ദരേഖയെ പറ്റി പ്രതികരിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ. കഴിഞ്ഞ മൂന്നുമാസമായി ഒരേകാര്യംതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും പുതുതായിട്ട് ഒന്നും പുറത്തുവന്ന സന്ദേശത്തിൽ ഇല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം നടക്കട്ടെ, ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കെയാണ് രാഹുലിനെതിരായ ആരോപണങ്ങൾ വീണ്ടും വിവാദമായിരിക്കുന്നത് .
ശബ്ദരേഖയും വാട്സാപ് ചാറ്റും തന്റേതാണെന്ന് സമ്മതിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് രാഹുൽ മാങ്കൂട്ടത്തിൽ കൃത്യമായ ഉത്തരം നൽകിയില്ല. ‘എന്റേതെന്ന് പറഞ്ഞ് ഒരു ശബ്ദസന്ദേശം പുറത്തുവിടുമ്പോള്‍ അത് നിങ്ങള്‍ സ്ഥിരീകരിക്കേണ്ടതുണ്ടായിരുന്നു. അത് ചെയ്യാതെ ഈ സന്ദേശം കൊടുത്തിട്ട് എന്നോടെന്തിനാ ചോദിക്കുന്നത്. അന്വേഷണത്തോട് സഹകരിക്കുമെന്ന് ആദ്യം മുതലേ ഞാന്‍ പറയുന്നുണ്ട്. നീതിന്യായ കോടതിയിൽ നിരപരാധിത്വം ബോധ്യപ്പെടുത്തുമെന്നും അതിനു ശേഷം ജനങ്ങളോട് തനിക്ക് പറയാനുള്ളത് വ്യക്തമാക്കുമെന്നും,’ രാഹുൽ പറഞ്ഞു.
നേരത്തെ, ശബ്ദരേഖയും വാട്സാപ്പ് ചാറ്റും പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടര്ന്ന് ശല്യം ചെയ്യുക, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശം അയക്കുക, ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളിലായിരുന്നു കേസെടുത്തത്.

