പാലക്കാട് ; യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ച് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ . നിലവിലുള്ള വിവാദങ്ങൾക്കും ആഭ്യന്തര സമ്മർദ്ദങ്ങൾക്കും ഇടയിൽ പാർട്ടിയുടെ പ്രതിച്ഛായയെക്കുറിച്ചുള്ള ആശങ്ക ചൂണ്ടിക്കാട്ടിയാണ് രാജി . ‘ എനിക്ക് മറച്ചുവെക്കാൻ ഒന്നുമില്ലെങ്കിലും, പാർട്ടിക്ക് വേണ്ടിയാണ് ഞാൻ അത് ചെയ്തത്, അതിനാൽ ആരോപണങ്ങൾ കാരണം അത് കൂടുതൽ പ്രശ്നങ്ങൾ നേരിടുന്നില്ല ‘ എന്നാണ് രാഹുലിന്റെ നിലപാട്.
രാഹുലിനെ മാറ്റുന്നത് സംബന്ധിച്ച ചർച്ച പ്രതിപക്ഷനേതാവ് വിഡി സതീശനും, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് രാവിലെ ടെലിഫോണിൽ നടത്തിയിരുന്നു. മുതിർന്ന നേതാക്കളുമായി കൂടുതൽ ചർച്ച നടത്തിയ ശേഷമാണ് രാഹുലിനോട് രാജി ആവശ്യപ്പെട്ടത്.
നിലവിലെ ആരോപണങ്ങൾ ഉയരും മുൻപ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു. അന്വേഷിക്കാൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കെ പി സിസി നേതൃത്വത്തിന് നിർദേശം നൽകിയിരുന്നു. ലഭിച്ച റിപ്പോർട്ടിൽ രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പ് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു . അതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ നിര്‍ദേശം നല്‍കിയത്.

