പാലക്കാട്: ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വിവാദങ്ങൾക്കിടെ സ്വന്തം മണ്ഡലമായ പാലക്കാടെത്തി . വിവാദങ്ങൾക്ക്ശേഷം എംഎൽഎ മണ്ഡലം സന്ദർശിക്കുന്നത് ഇതാദ്യമാണ്. പ്രതിഷേധങ്ങൾ ആളിക്കത്താൻ സാധ്യതയുള്ളതിനാൽ എംഎൽഎയുടെ ഓഫീസിൽ പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
38 ദിവസത്തിന് ശേഷമാണ് രാഹുൽ പാലക്കാട് സന്ദർശിക്കുന്നത്. എല്ലാ പ്രാദേശിക കോൺഗ്രസ് നേതാക്കളെയും അറിയിച്ച ശേഷമാണ് രാഹുൽ എത്തിയത് . ഇന്ന് പുലർച്ചെയാണ് രാഹുൽ അടൂരിലെ വീട്ടിൽ നിന്ന് പുറപ്പെട്ടത്. പാലക്കാട് മരിച്ച ഒരു പ്രാദേശിക കോൺഗ്രസ് നേതാവിന്റെ വീട്ടിലേക്കാണ് രാഹുൽ ആദ്യം പോയത്.
തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ, മണ്ഡലത്തിൽ സജീവമാകാൻ നിരവധി നേതാക്കൾ രാഹുലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ തന്റെ മണ്ഡലം സന്ദർശിക്കുന്നതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല.നിരവധി ആരോപണങ്ങൾ ഉണ്ടായിരുന്നിട്ടും ഒരു സ്ത്രീ പോലും പരാതി നൽകിയിട്ടില്ലെന്നും അതിനാൽ രാഹുൽ മാറിനിൽക്കേണ്ടതില്ലെന്നും പല നേതാക്കളും പറയുന്നു. എന്നാൽ, ആരോപണങ്ങൾ രാഹുൽ നിഷേധിക്കാത്തതിനെതിരെ പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നിരുന്നു.
രാഹുൽ പാലക്കാട് എത്തുന്നത് തടയുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും നേരത്തെ പ്രതികരിച്ചിരുന്നു. എംഎൽഎ ഓഫീസിൽ എത്തിയാലും പ്രതിഷേധമുണ്ടാകുമെന്ന് അവർ നേരത്തെ വ്യക്തമാക്കിയിരുന്നു.

