പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ പോയ ചുവന്ന പോളോ കാറിന്റെ ഉടമയായ നടിയിൽ നിന്ന് വിവരങ്ങൾ തേടി പോലീസ് . ഫോണിലൂടെയാണ് നടിയിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടിയത്. രാഹുൽ തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്ന് നടി പോലീസിനോട് പറഞ്ഞു. നടി ഇപ്പോൾ ബെംഗളൂരുവിലാണ്. രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പാലക്കാട് ഭവന പദ്ധതി ഉദ്ഘാടനം ചെയ്യാൻ എത്തിയ നടിയുടേതാണ് രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാർ എന്ന് പോലീസ് കണ്ടെത്തി.
കഴിഞ്ഞ ബുധനാഴ്ച മുതൽ ഈ കാർ പാലക്കാട്ടായിരുന്നു. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചത്. പാലക്കാട് നിന്ന് രാഹുൽ രക്ഷപ്പെട്ട കാറിനെക്കുറിച്ച് അന്വേഷണ സംഘത്തിന് നേരത്തെ വിവരങ്ങൾ ലഭിച്ചിരുന്നു. രാഹുലിന്റെ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ ജോബി ജോസഫ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നതായും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
ഇന്നലെ അന്വേഷണ സംഘത്തിന് ലഭിച്ച വിവരം അനുസരിച്ച്, പാലക്കാട് നിന്ന് ചുവന്ന പോളോ കാറിൽ രാഹുൽ നേരെ പോയത് പൊള്ളാച്ചിയിലേക്കാണ് . ഇതിനുശേഷം, ഹൈവേ ഒഴിവാക്കി ജില്ലാ അതിർത്തിയായ കൊഴിഞ്ഞാമ്പാറ വഴി കോയമ്പത്തൂരിലേക്ക് പ്രവേശിച്ചു. കോയമ്പത്തൂരിൽ നിന്ന് കർണാടക-തമിഴ്നാട് അതിർത്തിയിലുള്ള ബാഗളൂരുവിലെത്തി. ഞായറാഴ്ച മുതൽ ഇവിടുത്തെ ഒരു റിസോർട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. അന്വേഷണ സംഘം ഇവിടെ എത്തുമെന്ന് അറിഞ്ഞപ്പോൾ ഇവിടെ നിന്ന് രക്ഷപ്പെട്ടു. അവിടെ നിന്ന് കർണാടകയിലേക്ക് പോയെന്നാണ് റിപ്പോർട്ട്. യാത്രയിലുടനീളം രാഹുൽ കാറുകൾ മാറ്റിക്കൊണ്ടിരിക്കുകയാണ്.

