തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത് . പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യാൻ നടപടി സ്വീകരിച്ചതിനെ തുടർന്നാണ് രാഹുലിന്റെ നീക്കം. വളരെക്കാലമായി യുവതിയുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും, താൻ യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഹർജിയിൽ പറയുന്നത് .
ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചുവെന്ന ആരോപണവും രാഹുൽ തള്ളി. അന്വേഷണവുമായി സഹകരിക്കും. പരാതിക്ക് പിന്നിൽ രാഷ്ട്രീയ താൽപ്പര്യങ്ങളുണ്ടെന്നും ഹർജിയിൽ പറയുന്നു. ഹർജി നാളെ രാവിലെ പരിഗണിക്കും. അതേസമയം, രാഹുൽ കേരളം വിടാൻ സാധ്യതയുണ്ടെന്ന് പോലീസ് കരുതുന്നു.
തിരുവനന്തപുരത്തെ വലിയമല സ്റ്റേഷനിൽ രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത കേസ് നേമം പോലീസ് സ്റ്റേഷന് കൈമാറി. വിവാഹം നടത്താമെന്ന് വാഗ്ദാനം ചെയ്തുള്ള ബലാത്സംഗം , നിർബന്ധിത ഗർഭഛിദ്രം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. പത്ത് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം, രാഹുലുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസ് അന്വേഷിക്കുക. ഡിസിപിയും അസിസ്റ്റന്റ് കമ്മീഷണറും സംഘത്തിലുണ്ട്. ഉത്തരവ് ഉടൻ പുറത്തിറങ്ങും.

