തിരുവനന്തപുരം: പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി യോഗത്തിൽ പങ്കെടുക്കാനെത്തി രാഹുൽ മാങ്കൂട്ടത്തിൽ . ബലാത്സംഗക്കേസുകളിൽ കുറ്റാരോപിതനായതിനെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും കോൺഗ്രസ് നേതാക്കൾക്കൊപ്പമാണ് രാഹുൽ പരിപാടിയിൽ പങ്കെടുത്തത് .
രമേശ് ചെന്നിത്തല, പിജെ കുര്യൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പിസി വിഷ്ണുനാഥ്, എംകെ രാഘവൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ഇരുന്ന അതേ നിരയിലാണ് രാഹുൽ ഇരുന്നത്. യോഗത്തിനെത്തിയ ചിലർ രാഹുലിനൊപ്പം സെൽഫിയും എടുത്തു.
അതേസമയം തനിക്കെതിരെ പിജെ കുര്യൻ സ്വകാര്യ ചാനലിൽ നടത്തിയ പ്രസ്താവനയിൽ രാഹുൽ അതൃപ്തി അറിയിച്ചു. യുവാക്കൾക്ക് പാർട്ടിയിൽ അവസരം നൽകണമെന്നും, അവർക്ക് അവസരം നൽകുമ്പോഴും ചില കാര്യങ്ങൾ ഒരു മാനദണ്ഡമാക്കണമെന്നും, രാഹുലിന് പാലക്കാട് സീറ്റ് നൽകരുതെന്നും പിജെ കുര്യൻ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ രാഹുൽ തന്റെ അതൃപ്തി കുര്യനോട് നേരിട്ട് അറിയിച്ചതായാണ് സൂചന.
ഇരുവരും തമ്മിൽ മുമ്പും പ്രശ്നങ്ങളുണ്ടായിരുന്നു. ലൈംഗിക പീഡന ആരോപണം ഉയർന്നപ്പോൾ രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒരു യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകുകയും മറ്റൊരു സ്ത്രീ പരാതിയുമായി മുന്നോട്ടുവരുകയും ചെയ്തതിനെ തുടർന്നാണ് രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത് . കേസിനുശേഷം ഒളിവിൽ പോയ രാഹുൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയിരുന്നു . അന്ന് കോൺഗ്രസ് പ്രവർത്തകർ രാഹുലിനെ സ്വീകരിച്ച രീതി കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.

