ആലപ്പുഴ: മാലിദ്വീപിലെ സ്കൂൾ വിദ്യാർത്ഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഗദ്ദൂ ദ്വീപിലെ ഗാഫു ദാലു അറ്റോൾ സ്കൂളിലെ അധ്യാപികയും ചെങ്ങന്നൂർ സ്വദേശി ദീപക് ശശിയുടെ ഭാര്യയുമായ സ്മിത എൻ പിള്ളയുടെ (35) മൂക്കിനാണ് പരിക്കേറ്റത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.
ഏപ്രിൽ 12 നാണ് സംഭവം. ക്ലാസ് എടുക്കുന്നതിനിടെ, ലാബിലെ കമ്പ്യൂട്ടറിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഗെയിം കളിക്കുന്നത് സ്മിത ശ്രദ്ധിച്ചു. ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും വിദ്യാർത്ഥി അത് കൂട്ടാക്കിയില്ല. വീഡിയോ റെക്കോർഡ് ചെയ്ത് പ്രിൻസിപ്പലിനെ അറിയിക്കുമെന്ന് പറഞ്ഞപ്പോൾ, വിദ്യാർത്ഥി സ്മിതയുടെ ഫോൺ തട്ടിയെടുത്ത് വലിച്ചെറിഞ്ഞ ശേഷം, മൂക്കിൽ ആവർത്തിച്ച് ഇടിക്കുകയായിരുന്നുവെന്ന് ദീപക് പറഞ്ഞു.
രക്തസ്രാവമുണ്ടായതിനു പിന്നാലെ അബോധാവസ്ഥയിലായ സ്മിതയെ മറ്റ് അധ്യാപകർ ആംബുലൻസിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. പ്രഥമശുശ്രൂഷ നൽകിയ ശേഷം, മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. മൂക്കിന് പൊട്ടൽ സംഭവിച്ചിട്ടുണ്ട്.
മാലിദ്വീപ് ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ടതായും സ്മിതയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നതായും ദീപക് പറഞ്ഞു. ഒരു വർഷം മുമ്പാണ് സ്മിത മാലിദ്വീപിൽ അധ്യാപികയായി ചേർന്നത്. അവിടെയുള്ള ഏകദേശം 2,000 അധ്യാപകരിൽ 75% പേരും മലയാളികളാണ്. സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

