മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പത്രിക നൽകിയതിനു പിന്നാലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ പി.വി. അൻവറിന്റെ സ്വത്ത് വിവരങ്ങൾ പുറത്ത് . നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അൻവർ തന്റെ സ്വത്തുക്കൾ വെളിപ്പെടുത്തിയത്. അൻവറിന്റെ സ്ഥാവര, ജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം 34.07 കോടി രൂപയാണ്. അൻവറിന് 20.60 കോടി രൂപയുടെ ബാധ്യതയുമുണ്ട്.
അൻവറിന്റെ കൈവശം 25,000 രൂപയുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. രണ്ട് ഭാര്യമാർക്കും കൈവശം 10,000 രൂപ വീതമുണ്ട്. ഓരോ ഭാര്യമാർക്കും 1.06 കോടി രൂപ വിലമതിക്കുന്ന 150 പവൻ ആഭരണങ്ങളുണ്ട്. ഒരു ഭാര്യയുടെ പേരിൽ ആകെ 8.78 കോടി രൂപ മൂല്യമുള്ള സ്വത്തും രണ്ടാമത്തെ ഭാര്യയുടെ പേരിൽ 3.50 കോടി രൂപ മൂല്യമുള്ള സ്വത്തുമുണ്ട്. ജീവിത പങ്കാളികളുടെ തൊഴിലെന്ത് എന്ന ചോദ്യത്തിന് ‘സ്വസ്ഥം ഗൃഹഭരണം’ എന്നാണ് അൻവറിന്റെ ഉത്തരം
അൻവറിന് 18.14 കോടി രൂപയുടെ ജംഗമ സ്വത്തുക്കളുണ്ട്. ബാങ്ക് വായ്പകളും മറ്റുള്ളവയും ഉൾപ്പെടെ 20 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 2021-ൽ മത്സരിക്കുമ്പോൾ അൻവറിന്റെ ജംഗമ ആസ്തി 18.57 കോടി രൂപയായിരുന്നു.
ബാധ്യത 16.94 കോടി രൂപയായിരുന്നു. നിലമ്പൂരിൽ സിറ്റിംഗ് എംഎൽഎ അൻവർ രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും എൽഡിഎഫിൽ നിന്നും സിപിഎമ്മിൽ നിന്നും അകന്നു നിൽക്കുകയും ചെയ്ത അൻവർ യുഡിഎഫിൽ ചേരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മാത്രമല്ല, പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനങ്ങൾ നടത്തിയതിനെത്തുടർന്ന് അൻവർ യുഡിഎഫിൽ നിന്നും അകന്നു.

